മംഗളൂർ:കോൺഗ്രസ് എംഎൽഎ യു.ടി ഖാദറിനെതിരെ പാണ്ഡേശ്വർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡിസംബർ പതിനെട്ടിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. യുവ മോർച്ച നേതാവ് സന്ദേഷ് കുമാർ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാജ്യം ഇപ്പോൾ കത്തുകയാണെങ്കിലും കർണാടക നിലവിൽ സമാധാനത്തിലാണ്. ഇവിടെ പൗരത്വ നിയമം നടപ്പിലാക്കുകയാണെങ്കിൽ കർണാടക ചാരമാകുമെന്നായിരുന്നു യു.ടി ഖാദറിൻ്റെ പ്രസ്‌താവന.
ഡിസംബർ ഇരുപതിന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ക്രമസമാധാനനില ചർച്ച ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. മംഗളൂരിൽ ഇന്നലെയാണ് കർഫ്യൂവിന് ഇളവ് വരുത്തിയത്. എന്നാൽ നിരോധനാജ്ഞ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.