ഗുവാഹത്തി: മുൻ ജെഎൻയു വിദ്യാർഥിയും ഷഹീൻ ബാഗ് പ്രതിഷേധത്തിന്‍റെ ചീഫ് കോർഡിനേറ്റർ കൂടിയായ ഷാർജീൽ ഇമാമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അസം പൊലീസ്. മുസ്ലീം വിഭാഗത്തിന് ഇന്ത്യയുടെ വടക്കു കിഴക്ക് ഭാഗത്ത് ഒന്നിക്കാമെന്നും ഈ ഭാഗത്തെ പ്രത്യേകമായി വേർതിരിക്കാമെന്നുമുള്ള പ്രസ്‌താവനക്കെതിരെയാണ് എഫ്‌ഐആർ. യുഎപിഎ, ഐപിസി 153 എ, 153 ബി, 124 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇമാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ക്രമസമാധാനപാലനം അഡീഷണൽ ഡയറക്ടർ ജനറൽ ജി പി സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഷഹീൻ ബാഗ് പ്രതിഷേധത്തിൽ ഷാർജീല്‍ ഇമാമിന്‍റെ പ്രസംഗ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ പ്രസ്‌താവനയെ തുടർന്നാണ് അസം പൊലീസ് ഷാർജീൽ ഇമാമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. രാജ്യദ്രോഹ പ്രസ്താവനക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതായി അസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേ സമയം അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ വിവേക് ഗാർഗ്, ഇമാമിനെതിരെ ദേശീയ സുരക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഐപിസി വകുപ്പുകളും ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.