ന്യൂഡല്‍ഹി: സിഖുകാരുടെ പുണ്യസ്ഥലമായ സുവര്‍ണക്ഷേത്രത്തിന്‍റെ ചിത്രം പതിപ്പിച്ച ടോയ്‌ലറ്റ് കവറുകൾ വിറ്റതിന് ഓണ്‍ലൈന്‍ വാണിജ്യശൃംഖലയായ ആമസോണിനെതിരെ കേസ്. സിഖ് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷന്‍ 153 എ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് മഞ്ചീന്ദർ സിങ് സിർസയാണ് ആമസോണിനെതിരെ പരാതി നൽകിയത്.
സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പന സാമുദായിക സംഘര്‍ഷത്തിനിടയാക്കിയേക്കാമെന്നും അതിനാല്‍ കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പുകൾ വിറ്റതിനെതിരെ നേരത്തെയും ആമസോണ്‍ കമ്പനിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.