ഇന്ന് നമ്മൾ മറ്റൊരു ലോകമഹായുദ്ധത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ ലോകരാഷ്ട്രങ്ങൾ തമ്മിലായിരുന്നുവെങ്കിൽ ഇന്നത് ലോകരാഷ്ട്രങ്ങളും രോഗമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച കൊവിഡ 19നെയാണ്. ഇത് മറ്റൊരു ലോക മഹായുദ്ധമാണ്. കാരിരുമ്പിന്‍റെ കരുത്തുമായി മാനവരാശി മുഴുവന്‍ ഒറ്റക്കെട്ടായി നയിക്കുന്ന ഈ പോരാട്ടത്തിലെ എതിരാളി അദൃശ്യനായി പതുങ്ങിയിരിക്കുന്ന കൊറോണ വൈറസാണ്. ഈ നൂറ്റാണ്ട് ഇതുവരെ കേട്ടിട്ടില്ലാത്ത യുദ്ധമുഖത്തിൽ ഈ എതിരാളി ഇതുവരെ കയറിച്ചെന്നത് 114 രാജ്യങ്ങളിലേക്കാണ്. ലോകത്ത് മാർച്ച് 26 വരെ കൊവിഡ് രോഗം ബാധിച്ച് 21000 ത്തിലധികം പേരാണ് മരിച്ചത്. നാലേ മുക്കാല്‍ ലക്ഷം പേരാണ് ഇതുവരെ രോഗം ബാധിച്ചത്. ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം കൊറോണ വൈറസിനെ തടയാനും നിയന്ത്രിക്കാനുമായുള്ള സര്‍വ ശ്രമങ്ങളും എടുത്തു വരികയാണ്.
ആഗോളവല്‍ക്കരണം ലോകത്തെ മുഴുവന്‍ ഒരു ആഗോള ഗ്രാമമാക്കി മാറ്റിയത് കൊവിഡിന് വളരാനുള്ള സാധ്യതകൾക്ക് ആക്കം കൂട്ടി. ചൈനയിലെ വുഹാനിൽ ഉടലെടുത്ത വൈറസിനെ പിടിച്ചു കെട്ടാനാവാതെ ആളുകൾ മരിച്ചു വീഴുന്നത് ചൈനീസ് ഭരണകൂടത്തിന് കണ്ടു നിൽക്കേണ്ടി വന്നു. ദിവസങ്ങൾക്കുള്ളിലാണ് രോഗികൾക്കായി ചൈന ആശുപത്രി പടുത്തുയർത്തിയത്. എന്നിരുന്നാലും ആദ്യ ഘട്ടത്തിൽ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ ചെറിയ വീഴ്‌ചക്ക് കനത്ത വിലയാണ് പിന്നീട് ലോകം നല്‍കേണ്ടി വന്നത്. പ്രതീക്ഷക്കപ്പുറമായുണ്ടായ ആളുകളുടെ സഞ്ചാരമാണ് കൊറോണ വൈറസിന് വളരാൻ അവസരമൊരുക്കിയത്. അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിലാണ് ചൈനക്ക് കൊവിഡിനെ വിജയകരമായി നിയന്ത്രിക്കാനായത്. ബെയ്‌ജിങ് നൽകിയ പാഠം ഉൾക്കൊണ്ട ദക്ഷിണ കൊറിയയും ജര്‍മ്മനിയും പോലെയുള്ള രാജ്യങ്ങള്‍ വ്യാപകമായ രോഗ നിര്‍ണയ പരിശോധനകള്‍ നടത്തികൊണ്ട് വൈറസിനുമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോൾ ദീര്‍ഘ വീക്ഷണമില്ലാതെ പെരുമാറിയ ഇറ്റലിക്ക് വൻ നഷ്‌ടമാണ് നേരിടേണ്ടി വന്നത്.
അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന രാജങ്ങൾ കടുത്ത ഭയാശങ്കയില്‍ കഴിയുമ്പോള്‍ ഇന്ത്യ വൈറസിന്‍റെ രണ്ടാം ഘട്ടത്തിലാണ്. ഇന്ത്യ മുഴുവൻ ആചരിച്ച ജനതാ കര്‍ഫ്യൂവിന് ശേഷം 21 ദിവസത്തെ ലോക്‌ഡൗണിലാണ് രാജ്യം. രാജ്യത്തുടനീളം 11,000 യാത്രാ തീവണ്ടികളും അന്തര്‍ സംസ്ഥാന ബസുകളും നിര്‍ത്തി വെച്ചു. കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും അടക്കം നിരവധി സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. നിലവില്‍ ചികിത്സയൊന്നും ഇല്ലാത്ത മഹാമാരിയാണ് കൊവിഡ്. രോഗിയുമായുള്ള സമ്പർക്കത്തിലൂടെ ആളുകളിലേക്ക് പകരുന്ന ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗമാണ് സോഷ്യൽ ഡിസ്‌റ്റൻസിങ്. അതിവേഗം പടരുന്ന ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ സമഗ്രമായി മനസിലാക്കികൊണ്ട് സര്‍ക്കാരുകളും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളും ജനങ്ങളും മാധ്യമങ്ങളും എല്ലാം ഒറ്റക്കെട്ടായി ഇതിനെതിരെ യുദ്ധം നയിക്കേണ്ടതുണ്ട്.
ഒരു നൂറ്റാണ്ടു മുന്‍പ് ലോക ജനസംഖ്യയിലെ 15 കോടി പേരില്‍ നാലിലൊരു ഭാഗം പേര്‍ക്ക് ബാധിച്ച സ്‌പാനിഷ് ഫ്‌ളൂ ഉണ്ടാക്കിയ വന്‍ മരണ നിരക്കിനെ വെല്ലാൻ കഴിയുന്നതാണ് കൊവിഡെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. തുടർന്ന് കണ്ടെത്തിയ ആന്‍റിബയോട്ടിക് പിന്നീടുണ്ടായ ഇത്തരത്തിലുള്ള രോഗങ്ങളെ ഒരുവിധം തടഞ്ഞു നിർത്താൻ കഴിഞ്ഞു. പക്ഷെ 2003-ല്‍ പൊട്ടി പുറപ്പെട്ട സാര്‍സ് വൈറസും 2013-ല്‍ ഉണ്ടായ മദ്ധ്യപൂര്‍വ്വേഷ്യ ഫ്‌ളൂവും വീണ്ടുമൊരിക്കല്‍ കൂടി ഭയാശങ്കകളും വെല്ലുവിളികളും സൃഷ്ടിച്ചു. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നിലവിലുണ്ടായിരുക്കുന്ന കൊവിഡ് നിരവധി രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലകളെ ബാധിക്കുന്ന 'ഈ നൂറ്റാണ്ടിലെ മാരകരോഗം' ആയി മാറിയിരിക്കുന്നു. ചൈനയിൽ വ്യവസായങ്ങൾ അടച്ചു പൂട്ടിയത് അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യതക്ക് ഇടയാക്കിയിട്ടുണ്ട്. ലോക രാഷ്‌ട്രമായ അമേരിക്കയെ പോലും ഈ തീരുമാനം ബാധിച്ചുകഴിഞ്ഞു.
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയിലെ വാഹന വ്യവസായ മേഖല കാര്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച് ഒരു മണിക്കൂറിനുള്ളില്‍ പത്തിലധികം പോര്‍ വിമാനങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടാണ് രാഷ്ട്രത്തെ വിജയത്തിനായി തയ്യാറാക്കിയത്. രോഗ നിര്‍ണയ പരിശോധനയിൽ ഇന്ത്യ ഏറെ പിറകിലായ സാഹചര്യത്തിൽ സ്വകാര്യ മേഖലയെ രോഗ നിര്‍ണയ പരിശോധനകള്‍ നടത്തുവാന്‍ അനുവദിച്ച ഐ സി എം ആറിന്‍റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ശരിയായ ദിശയിലുള്ള തീരുമാനമാണ്. ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് കൊവിഡ് ഒരു മഹാമാരിയുടെ അളവിലേക്കുയരുന്നതിനു മുന്‍പായി കൊവിഡിനെ തടുക്കുകയും നിയന്ത്രിക്കണമെന്നുള്ള ബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയെന്നത് വളരെ അത്യാവശ്യമാണ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആയിരം കിടക്കകളുള്ള ആശുപത്രി നിര്‍മ്മിച്ചു കൊണ്ടും രാവും പകലും വെറും ഡയപ്പറുകള്‍ മാത്രം ധരിച്ചു കൊണ്ട് ഡോക്ടര്‍മാര്‍ കൊവിഡ് രോഗികളെ പരിചരിച്ചതും വഴി ചൈന ലോകത്തിനു കാട്ടി കൊടുത്തത് ഏറ്റവും മികച്ച ത്യാഗ നിര്‍ഭര സേവനത്തിന്‍റെയും കര്‍മ്മനിരതയുടെയും സമാനതകള്‍ ഇല്ലാത്ത ഉദാഹരണമാണ്. വൈറസിനെ കണ്ടു പിടിക്കാനുള്ള കേന്ദ്രങ്ങളില്‍ അവിടത്തെ ജീവനക്കാര്‍ നടത്തി വരുന്ന അശ്രാന്ത പരിശ്രമങ്ങളും സമയത്തെ പോലും തോല്‍പ്പിച്ചുകൊണ്ട് രാപ്പകല്‍ ഇല്ലാതെ ഡോക്ടര്‍മാരും നഴ്‌സുമാരും കൊവിഡ് രോഗികളെ പരിചരിക്കുന്നതും ദൈവീകമായ സേവനമല്ലാതെ മറ്റൊന്നുമല്ല.
കൊവിഡിനെതിരെ ഒരു പ്രതിരോധ മരുന്ന് കണ്ടെത്തുവാനുള്ള ശ്രമം ഫലപ്രാപ്‌തിയിലെത്തുവാന്‍ ഇനിയും ചുരുങ്ങിയത് ഒന്നര വര്‍ഷം എടുക്കുമെന്നാണ് വിവിധ പഠനങ്ങള്‍ വെളിവാക്കുന്നത്. ഇന്ത്യയിലാകട്ടെ കൊവിഡ് ഏറ്റവും അപകടകരമായ മൂന്നാംഘട്ടത്തിലേക്ക് കടക്കുവാന്‍ ഇനി നമുക്ക് ബാക്കിയുള്ളത് രണ്ടാഴ്‌ച മാത്രം. അതിനാല്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ ദുഷ്ട ശക്തിയെ കരുത്തുറ്റ മനസ്സോടെ നേരിടുന്നതിനായി മുന്നേറുവാനുള്ള സമയം സംജാതമായിക്കഴിഞ്ഞു. കൂടാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ആരോഗ്യ അടിയന്തരാവസ്ഥയാണ്. യുവതീ യുവാക്കൾ പോലും കൊവിഡിൽ നിന്നും പൂർണമായും മുക്തരല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നമ്മുടെ മുൻപിലുണ്ട്. വൈറസിന്‍റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ ഇതിനകം രാജ്യത്ത് ലോക്‌ഡൗണിന് ഉത്തരവിട്ടു കഴിഞ്ഞു. ജനങ്ങളോട് വീടുകളിൽ ഇരുന്ന് വൈറസിന്‍റെ വ്യാപനം തടയാനാണ് സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്. രാജ്യത്തെ അഞ്ച് കോടി തൊഴിലെടുക്കുന്ന ജനങ്ങളില്‍ ഏതാണ്ട് 85 ശതമാനവും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. ആയതിനാൽ കമ്പനികളും വ്യവസായങ്ങളും സ്വയം തൊഴില്‍ സ്രോതസുകളും പൂട്ടിയ അവസ്ഥയിൽ ജനങ്ങളെ ഇത് സാരമായി ബാധിക്കും. തൊഴിലാളികളുടെ ശമ്പള ബില്ലിന്‍റെ 80 ശതമാനം വഹിക്കുവാന്‍ ബ്രിട്ടന്‍ തയ്യാറായി കഴിഞ്ഞെങ്കില്‍ ഈ പ്രതിസന്ധി വേളകളില്‍ കമ്പനി പൂട്ടി പോകുന്നതില്‍ നിന്നും രക്ഷിക്കാനായി വലിയ കമ്പനികളെയെല്ലാം ദേശസാല്‍ക്കരിക്കാനാണ് ഫ്രാന്‍സ് പദ്ധതിയിടുന്നത്.
തൊഴിലാളികള്‍ക്കൊപ്പവും തൊഴില്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്കൊപ്പവും നില്‍ക്കുക എന്നുള്ളതാണ് ക്ഷേമ രാഷ്ട്ര സങ്കല്‍പ്പം. സാനിറ്റൈസറുകളും മാസ്‌കുകളും നിര്‍മ്മിക്കുന്നതിനായി തങ്ങളുടെ സേവനം സൗജന്യമായി നല്‍കിയ ഹൈദരാബാദിലെ സ്ത്രീകളുടെ നടപടി അഭിനന്ദനീയമാണ്. മഹാമാരി വൈറസിനെ തടയുന്ന കാര്യത്തില്‍ പോഷകാഹാരങ്ങള്‍ക്ക് നിര്‍ണ്ണായകമായ പങ്കുള്ള ഈ വേളയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇറച്ചി കോഴി, കോഴിമുട്ട വ്യവസായങ്ങള്‍ക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ള രോഗികളെ അവരുടെ രക്ഷക്കും മറ്റുള്ളവരുടെ രക്ഷക്കും വേണ്ടി വീടുകളില്‍ ഏകാന്ത വാസം നയിക്കുവാന്‍ ആത്മാര്‍ത്ഥമായി തയ്യാറെടുപ്പിക്കുക എന്നുള്ളതാണ് ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം. കൊവിഡ് രോഗികള്‍ കടന്നു പോയ വഴികള്‍ ജി പി എസ് ആപ്പുകളുടെ സഹായത്തോടെ കണ്ടെത്തി അണുമുക്തമാക്കി എടുക്കുന്ന കാര്യത്തില്‍ ദക്ഷിണ കൊറിയ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെയും മാധ്യമ പിന്തുണയുടെയും ഡോക്ടര്‍മാരുടെ അഭിനന്ദനീയമായ വിട്ടുവീഴ്‌ചകളുടെയും സഹകരിക്കുവാന്‍ തയ്യാറാവുന്ന ജനങ്ങളുടെ കരുത്തിന്‍റെയും പിന്‍ബലത്താല്‍ കൊറോണ വൈറസിനെതിരെ നമുക്ക് നമ്മുടെ ചരിത്രപരമായ യുദ്ധം നയിച്ച് വിജയിക്കാം. അതിനുള്ള മുദ്രാവാക്യം ഇതാകട്ടെ: 'എല്ലാവരും ഒരു ലക്ഷ്യത്തിനായ്; ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി''