തമിഴ്‌നാട്: ആണ്ടിപ്പെട്ടിക്ക് സമീപം ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി. പെൺകുഞ്ഞിനെ എരിക്കിൻ പൂവിന്‍റെ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ കവിത, മുത്തശ്ശി ചെല്ലമ്മാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടം നടത്തി. ദാരിദ്ര്യവും വിവാഹ ചെലവും കണക്കിലെടുത്ത് പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത് നിത്യ സംഭവമായി മാറുകയാണ് തമിഴ്‌നാട്ടില്‍.
ചെല്ലമ്മാളിന്‍റെ മകൻ സുരേഷിന്‍റെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ ദിവസന വേതന ജോലി ചെയ്യുന്ന സുരേഷ് 12 വർഷം മുൻപാണ് കവിതയെ വിവാഹം കഴിച്ചത്. ഇവർക്ക് പത്തും എട്ടും വയസുള്ള രണ്ട് പെൺമക്കളുണ്ട്. ഇതിനിടിയിലാണ് ഫെബ്രുവരി 26ന് കവിത വീണ്ടും ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്. മാർച്ച് 6ന് മരിച്ച കുഞ്ഞിനെ ഇവർ വീടിന് അടുത്ത് സംസ്കരിച്ചു. എന്നാല്‍ കുഞ്ഞിന്‍റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാർ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. തുടർന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ സുരേഷിനെയും കവിതയെയും ചോദ്യം ചെയ്തു.
പരാതി ശ്രദ്ധയില്‍പ്പെട്ട കലക്ടർ കേസ് അന്വേഷിക്കാൻ വില്ലേജ് അഡ്മിനിസ്ട്രേറ്ററോട് ഉത്തരവിടുകയായിരുന്നു. ദമ്പതികളെ ചോദ്യം ചെയ്ത ജില്ല അഡ്മിനിസ്ട്രേറ്റർ രാജഥാനി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയും മുത്തശിയും കുഞ്ഞിനെ എരിക്കിൻ പാല്‍ നല്‍കി കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടെന്ന് സമ്മതിച്ചത്. ഇതോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടർന്ന് ആണ്ടിപ്പെട്ടി തഹസില്‍ദാർ, ഡിവൈഎസ്‌പി, ശിശുക്ഷേ സമിതി ഉദ്യോഗസ്ഥർ എന്നിവർ കുട്ടിയെ മറവ് ചെയ്ത് സ്ഥലത്ത് കവിതയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിഷ പാല്‍ എടുക്കാൻ ഉപയോഗിച്ച പൂവും ഇവരെ കൊണ്ട് തന്നെ കണ്ടെടുത്തു. സർക്കാർ ആശുപത്രിയിലേക്ക് അയച്ച കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. കൊല നടക്കുന്ന സമയത്ത് വീട്ടില്‍ കുഞ്ഞിന്‍റെ അച്ഛനും മുത്തച്ഛനും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 174, 302, 201, 120ബി എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.