ന്യൂഡല്‍ഹി: ഫോറിന്‍ കോണ്‍ഡ്രിബ്യൂഷന്‍ (അമെന്‍മെന്‍റ്) ബില്‍ എന്‍.ജി.ഒകള്‍ക്കെതിരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ പാസാക്കിയ ബില്ല് സംബന്ധിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് എസ്.ആര്‍ ബാലസുബ്രഹ്മണ്യന്‍ നല്‍കിയ ചോദ്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ബില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന എന്‍.ജി.ഒകളെ പ്രതികൂലമായി ബാധിക്കില്ല.
ബില്‍ ആഭ്യന്തര അന്തര്‍ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ കാര്‍ഡുള്ള നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നിയമം പ്രശ്നമാകില്ല. രാജ്യത്തെ ചില പാര്‍ട്ടികളും സംഘടനകളും നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നുണ്ട്. എന്നാല്‍ പുതിയ നിയപ്രമകാരം ആധാര്‍ കാര്‍ഡുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമെ വിദേശത്ത് നിന്നും പണം സ്വീകരിക്കാന്‍ കഴിയുകയുള്ളു. മാത്രമല്ല ഇത്തരത്തില്‍ എത്തുന്ന പണം എഫസിആര്‍എ ബില്‍ 2020 പ്രകാരമുള്ള ബാങ്ക് അകൗണ്ടിലേക്ക് മാത്രമെ നല്‍കാനും കഴിയുകയുള്ളു എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം നിയമം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. ചില മോശം സംഘടനകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഭൂരിഭാഗവും നല്ല സംഘടനകളാണ്. ഇവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി സംഘടനകള്‍ മതപ്രചാരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കന്നുണ്ട്. ഇതിന് തടയിടാന്‍ ബില്ല് കൊണ്ട് കഴിയുമെന്ന് ബി.ജെ.പി എം.പി അരുണ്‍സിംഗ് പറഞ്ഞു. കേരളത്തില്‍ ഇത്തരം ഫണ്ട് മത പരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.