ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാർഥിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ. ഇതുവരെ 150 പേരിൽ അന്വേഷണം നടന്നതായി സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. ഫാത്തിമയുടെ മരണദിവസം പ്രൊഫസർ ലളിതാ ദേവിയുടെ പേരിൽ പരാതി ലഭിച്ചതായും സിബിഐ കണ്ടെത്തി.
തന്‍റെ മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കളായ അബ്‌ദുൾ ലത്തീഫും സജിതയും കേരള എംപിമാരോടൊപ്പം പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത്‌ഷായെയും കഴിഞ്ഞ ഡിസംബർ അഞ്ചിന് കണ്ടിരുന്നു. തുടർന്ന് ഡിസംബർ 15ഓടെയാണ് ഫാത്തിമയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിച്ചത്. നവംബർ ഒൻപതിനാണ് ചെന്നൈയിലെ ഹോസ്റ്റൽ മുറിയിൽ ഫാത്തിമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഫാത്തിമയുടെ മൊബൈൽ ഫോണിൽ നിന്നും ഐഐടിയിലെ പ്രൊഫസർ തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കാണിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.