ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കത്തിൽ ഞായറാഴ്ച മുതൽ 24 മണിക്കൂർ റിലേ നിരാഹാര സമരം പ്രഖ്യാപിച്ച് കർഷക യൂണിയനുകൾ. കിസാൻ ദിവസ് ആയ ഡിസംബർ 23ന് രാജ്യത്തെ എല്ലാ പൗരന്മാരും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്നും അവർ അഭ്യർഥിച്ചു. സിങ്കു അതിർത്തിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ സ്വരാജ് ഇന്ത്യ പ്രസിഡന്‍റ് യോഗേന്ദ്ര യാദവ് 11 ഗ്രൂപ്പുകളായാണ് നിരാഹാര സമരം നടക്കുകയെന്ന് അറിയിച്ചു.
രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ള യൂണിയനുകളും അവരുടെ ആൾബലത്തിനനുസരിച്ച് ഇത് പിൻതുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് നടക്കുന്ന സമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിക്കണമെന്നും കർഷക നേതാക്കൾ രാജ്യത്തോട് അഭ്യർഥിച്ചു. ഡിസംബർ 25 മുതൽ 27 വരെ ഹരിയാന ടോൾ പ്ലാസയിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും കർഷക നേതാക്കൾ കൂട്ടിചേർത്തു.