ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടന്ന ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും അനുയായികളും. ദീപ് സിദ്ദു സിഖുകാരനല്ലെന്നും അയാൾ ഒരു ബിജെപി പ്രവർത്തകനാണെന്നും ഭാരതീയ കിസാൻ യൂണിയൻ ടിക്കൈറ്റ് (ബി.കെ.യു) നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. നടന്‍റെ ബിജെപി ബന്ധത്തിന് തെളിവുണ്ടെന്നും രാകേഷ് ടിക്കൈറ്റ് പറഞ്ഞു. ഒപ്പം, കർഷക സമരം മുന്നോട്ട് പോകുമെന്നും ബാരിക്കേഡുകളും മറ്റും തകർത്തവർ പ്രതിഷേധത്തിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തിന്‍റെ ബിജെപി ബന്ധം വ്യക്തമാക്കുന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
ദീപ് സിദ്ദുവും സംഘവുമാണ് തലസ്ഥാനനഗരിയിലെ അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയതെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വിവിധ കർഷക സംഘടനകളുടെ നേതാക്കള്‍ വിശദീകരിച്ചു. കർഷക സമരം അട്ടിമറിക്കാനായി ദീപ് സിദ്ദുവും കൂട്ടരും തിങ്കളാഴ്ച കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയിരുന്നതായി സംയുക്ത് കിസാൻ മോർച്ചയും അറിയിച്ചു. കൂടാതെ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനായി നടൻ പ്രചരണത്തിനും ഇറങ്ങിയിരുന്നു.
എന്നാല്‍, കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു രംഗത്തെത്തി. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്‍റെ ഭാഗമായി ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാകയാണ് ഉയർത്തിയതെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി.
സിഖ് ഫോർ ജസ്റ്റിസ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബി നടനെ കഴിഞ്ഞ ആഴ്ച എൻഐഎ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. ഡിസംബർ 15നായിരുന്നു സിദ്ദുവിനെതിരെ കേന്ദ്ര ഏജൻസി കേസ് രജിസ്റ്റർ ചെയ്‌തത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ബോളിവുഡ് നടൻ സണ്ണി ഡിയോളിന് വേണ്ടി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയ താരമാണ് ദീപ് സിദ്ദു. എന്നാൽ, ദീപ് സിദ്ദുവുമായി തനിക്കോ തന്‍റെ കുടുംബത്തിനോ അടുത്ത ബന്ധമില്ലെന്നാണ് ഗുര്‍ദാസ്പുർ എംപി കൂടിയായ സണ്ണി ഡിയോൾ പറഞ്ഞത്.