ഭുവനേശ്വര്‍: ഒഡീഷയിലും ബംഗ്ലാദേശിലും കൊടിയ നാശം വിതച്ച ഫാനി ചുഴലിക്കാറ്റില്‍ മരണം 30 ആയി. ഒഡീഷയില്‍ 16 പേര്‍ മരിച്ചെന്നാണ് എറ്റവും പുതിയ കണക്ക്. ബംഗ്ലാദേശില്‍ മരണം 14 ആയി. 63 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. ബംഗ്ലാദേശിലും വ്യാപക നാശ നഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചെറിയ കെട്ടിടങ്ങള്‍ക്കും മണ്‍വീടുകള്‍ക്കുമാണ് ഏറ്റവുമധികം നാശമുണ്ടായത്.
ഒഡീഷയിലെ പുരിയില്‍ തീരം തൊട്ട ഫാനി ബംഗാളിലൂടെയാണ് ബംഗ്ലാദേശിലേക്ക് കടന്നത്. എന്നാല്‍ കാര്യമായ നാശ നഷ്ടങ്ങള്‍ ബംഗാളില്‍ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. കനത്ത മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റുമാണ് ബംഗാളില്‍ അനുഭവപ്പെട്ടത്. ബംഗ്ലാദേശില്‍ വച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ഫാനി വീണ്ടും ശക്തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമായി മാറി. നിലവില്‍ അസമിന്‍റെയും മേഘാലയയുടെയും മുകളിലൂടെയാണ് ഫാനി സഞ്ചരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദ മേഖലയും പൂര്‍ണമായി ഇല്ലാതാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
ഫാനി തകര്‍ത്തെറിഞ്ഞ ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒഡീഷന്‍ തീരത്തെ 14 ജില്ലകളിലായി പതിനായിരത്തോളം ഗ്രാമങ്ങളിലും 52 നഗരപ്രദേശങ്ങളിലുമാണ് ഫാനി ഏറ്റവുമധികം നാശം വിതച്ചത്. ഒരു കോടിയിലധികം ജനങ്ങളെ ചുഴലിക്കാറ്റ് നേരിട്ടു ബാധിച്ചു. 240 കിലോമീറ്ററിലധികം വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് പിഴുതു വീണത്. പതിനായിരത്തോളം ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി. വൈദ്യുതി, ടെലഫോണ്‍, കുടിവെള്ളം, റോഡ് ശൃംഖലകള്‍ പൂര്‍ണമായും തകര്‍ന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍, ഫയര്‍ ഫോഴ്സ്, പൊലീസ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സേവകര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങളും വിദഗ്ധരുമായി നാവികസേനയുടെ മൂന്ന് സി-130 ജെ വിമാനങ്ങള്‍ ഭുവനേശ്വറിലെത്തിയിട്ടുണ്ട്. അടച്ചിട്ടിരുന്ന ഭുവനേശ്വര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ തുറന്നു. പ്രധാനമന്ത്രി നാളെ ഒഡീഷയില്‍ സന്ദര്‍ശനം നടത്തും.
ഫാനി ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കാനായതും 11 ലക്ഷത്തോളം ജനങ്ങളെ നേരത്തെ ഒഴിപ്പിക്കാനായതുമാണ് മരണസംഖ്യയില്‍ വലിയ കുറവുണ്ടാക്കിയത്. 4000 അഭയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ചുഴലിക്കാറ്റ് മുന്നറിയിപ്പുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാണിച്ച ജാഗ്രതയില്‍ ഐക്യരാഷ്ട്ര സഭ വരെ അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭാവിയിലുണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ഒഡീഷയും ഫാനിയും മാതൃകയാണ്.