കൊവിഡിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിന് വീഴ്‌ച പറ്റി. സാമൂഹിക അകലം അവഗണിച്ച ഈ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് വലിയ ആരോഗ്യ പ്രതിസന്ധിയാണ്. വെറും 1.7 കോടി ജനസംഖ്യയുള്ള ഇക്വഡോറിൽ മരണനിരക്ക് ഉയരുന്നതിന് കാരണം സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളാണ്.
രോഗം ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാൻ ശവപ്പെട്ടികളുടെ ഇല്ലാത്തതാണ് ഇപ്പോൾ രാജ്യം നേരിടുന്ന പ്രശ്‌നം. ഇക്വഡോറിലെ വൈറസ് പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് സാമ്പത്തിക തലസ്ഥാനമായ ഗ്വായാക്വിൽ ആണ്. ഇക്വഡോറിന് സ്പെയിനുമായി ശക്തമായ ഉഭ്യകക്ഷി ബന്ധമുണ്ട്. ഈ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ തന്നെ സ്‌പാനിഷ് ആണ്. ഇക്വഡോറിലെ പൗരന്മാർ സാധാരണയായി സ്പെയിനിലേക്കും ഇറ്റലിയിലേക്കും കുടിയേറി ജീവിക്കുന്നവരാണ്. എന്നാൽ ഇന്ന് സ്പെയിനും ഇറ്റലിയും വൈറസിന്‍റെ പിടിയിലകപ്പെട്ട് കഴിഞ്ഞു.
കൊവിഡ് വന്ന വഴി
ഫെബ്രുവരി 29നാണ് സ്‌പെയിനിൽ നിന്നും എഴുപതുകാരിയായ സ്ത്രീ ഗ്വായക്വിലിൽ എത്തിയത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ നിരീക്ഷണത്തിലാക്കി. അവരുമായി ബന്ധപ്പെട്ട 80 പേരെ പിന്നീട് തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധയെതുടർന്ന് ഇക്വഡോര്‍ സ്വദേശികളായ വിദ്യാർഥികൾ സ്പെയിനിൽ നിന്നും മടങ്ങിയെത്തി. ശേഷം അവരിൽ ചിലർ ഗ്വായാക്വിലിലെ വിവാഹങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുത്തു. ഇത് വൈസിന്‍റെ വ്യാപനം പലമടങ്ങ് വർധിപ്പിച്ചു. തുടര്‍ന്ന് സമ്പന്ന പ്രദേശങ്ങളിൽ നിന്ന് ഇക്വഡോറിലെ ചേരികളിലേക്കും കൊവിഡ് പടരാൻ തുടങ്ങി.
പകർച്ചവ്യാധി കൂടുതൽ പടരാതിരിക്കാൻ ഇക്വഡോർ സർക്കാർ ജനങ്ങളോട് വീട്ടിലിരിക്കാൻ ഉത്തരവിട്ടു. ഒരു കുടുംബത്തിന് പ്രതിമാസം 60 യുഎസ് ഡോളർ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സമ്പന്നരെല്ലാം അവരവരുടെ വീടുകളിൽ ഒതുങ്ങി. എന്നാൽ മറ്റ് മാർഗങ്ങളില്ലാത്ത അനേകം ദരിദ്രരാണ് പ്രശ്‌നം രൂക്ഷമായി ബാധിച്ചത്. സർക്കാരിന്‍റെ സബ്‌സിഡി ലഭിക്കാൻ ആളുകൾ ബാങ്കുകൾക്ക് സമീപം തടിച്ചുകൂടി. വീടുകൾ കയറിയിറങ്ങി യാചിക്കുകയല്ലാതെ ചിലർക്ക് മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ വൈറസ് ബാധ ഭീകരമായി പടർന്നു പിടിച്ചു.
ഗ്വായാസ് പ്രവിശ്യ- മരണങ്ങളുടെ പ്രധാനകേന്ദ്രം
ഇക്വഡോറിലെ കൊവിഡ് കേസുകളിൽ 70 ശതമാനത്തിലധികവും ഗ്വായാസ് പ്രവിശ്യയിലാണ് സ്ഥിരീകരിച്ചത്. ആശുപത്രികളിലെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. തിക്കും തിരക്കും കാരണം ഡോക്‌ടമാർക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സ നൽകാൻ സാധിക്കാത്ത അവസ്ഥയായി. മൃതദേഹങ്ങൾ ബന്ധപ്പെട്ടവര്‍ക്ക് കൈമാറാന്‍ പോലും കാലതാമസം നേരിട്ടിരുന്നു. ഗ്വായാക്വിലിൽ അടിയന്തരമായി ബന്ധപ്പെടാന്‍ അനുവദിച്ച എമര്‍ജന്‍സി സര്‍വീസ് ഫോൺ നമ്പർ എല്ലായ്പ്പോഴും തിരക്കിലാണ്.
ഇക്വഡോറിലെ മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ പലമടങ്ങ് കൂടുതലാണെന്ന ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ ലേകത്താകമാനം ആശങ്കയുണ്ടാക്കി. പ്രസിഡന്‍റ് ലെനിൻ മോറെനോ തന്നെ ഈ വസ്‌തുതകൾ സമ്മതിച്ചിട്ടുണ്ട്. നിർദ്ദിഷ്‌ട സമയത്ത് രോഗ നിര്‍ണയ പരിശോധനകള്‍ നടത്താൻ സാധിക്കാത്തതിനാൽ കൊവിഡ് മരണങ്ങളുടെ ശരിയായ എണ്ണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ശവപ്പെട്ടികളുടെ കുറവ് കാരണം മൃതദേഹങ്ങൾ എത്തിക്കാൻ കടലാസ് പെട്ടികളാണ് ആരോഗ്യ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്.
ശ്‌മശാനങ്ങളിലും സ്ഥലമില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ച് അവസാനത്തോടെ 1,350 മൃതദേഹങ്ങൾ ഗ്വായാക്വിലിലെ വീടുകളിൽ നിന്ന് കണ്ടെടുത്തു. പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ ശവങ്ങൾ തെരുവുകളിലും നടപ്പാതകളിലും ദിവസങ്ങളോളം ചീഞ്ഞഴുകുന്ന ദയനീയമായ അവസ്ഥ. കഴിഞ്ഞ ആഴ്‌ചയിൽ മാത്രം ഇത്തരത്തിൽ 150 മൃതദേഹങ്ങൾ കണ്ടെടുത്തി സംസ്‌കരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മനുഷ്യന്‍റെ പരിമിതകൾ എത്രയോ ചെറുതാണെന്ന് ലോകം മനസിലാക്കുന്ന കാഴ്‌ചയാണിതെല്ലാം. അശ്രദ്ധയും സമയപരിമിതിയും കാരണം എത്രയോ ജീവനുകൾ ദിനംപ്രതി പൊലിയുന്നു. പ്രസംഗങ്ങളല്ല പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് ഇക്വഡോർ സംഭവങ്ങൾ ഓർമപ്പെടുത്തുകയാണ്.