റാഞ്ചി: വ്യാജ ഓൺലൈൻ പണമിടപാട് നടത്തി കടയുടമയെ കബളിപ്പിച്ച കേസിൽ 32 കാരനെ ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ അറസ്റ്റ് ചെയ്‌തതായി പൊലീസ്. ഇഷാൻ കുമാർ ഗിരിയെ രാംഗഡ് പട്ടണത്തിലെ ചട്ടി ബസാറിലെ ഒരു ഷോപ്പിംഗ് സമുച്ചയത്തിന് സമീപത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് രാംഗഡ് പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു.
ഞായറാഴ്‌ച വൈകുന്നേരം അറസ്റ്റിലായ ഗിരി, രാംഗഡിലെ ഒരു വ്യവസായിയെ വ്യാജ ഓൺലൈൻ പണമിടപാടിന്‍റെ സ്‌ക്രീൻഷോട്ട് കാണിച്ച് കബളിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഗിരി തന്‍റെ മൊബൈലിൽ പഴയ ചില ഓൺലൈൻ പണമിടപാടുകളുടെ സ്‌ക്രീൻഷോട്ടുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യ സാധനങ്ങൾ വാങ്ങിയ ശേഷം വിജയകരമായി പണമടച്ചതിന്‍റെ തെളിവായി കടയുടമയ്ക്ക് പഴയ പണമിടപാടിന്‍റെ സ്‌ക്രീൻഷോട്ട് കാണിച്ച് കടന്നുകളയാറുള്ളതായും പൊലീസ് കൂട്ടിചേർത്തു.