ന്യൂഡല്‍ഹി: വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇന്‍വോയ്‌സ് തയ്യാറാക്കി 600 കോടിയുടെ നികുതി വെട്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്ന് കമ്പനികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വ്യാജ ഇന്‍വോയ്‌സ് ഉപയോഗിച്ച് ഐജിഎസ്‌ടി റീഫണ്ട് ക്ലെയിം ചെയ്‌തതിനാണ് ഇവര്‍ക്കെതിരെയും കമ്പനികള്‍ക്കെതിരെയും കേസെടുത്തത്. ഫോര്‍ച്യൂണ്‍ ഗ്രാഫിക്‌സ് ലിമിറ്റഡ്, റീമ പോളിചം പ്രൈവറ്റ് ലിമിറ്റഡ്, ഗണപതി എന്‍റര്‍പ്രൈസസ് എന്നീ കമ്പനികള്‍ക്കെതിരെയാണ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്‌ടി ഇന്‍റലിജന്‍സ് (ഡിജിജിഐ) കേസെടുത്തിരിക്കുന്നത്. ചരക്കുകളുടെ വിതരണം നടത്താതെ ഇന്‍വോയ്‌സുകള്‍ നല്‍കിയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
വ്യജ ജിഎസ്‌ടി ഇന്‍വോയ്‌സുകള്‍ ഉപയോഗിക്കുന്ന കമ്പനികളെയും ശൃംഖലകളെയും കണ്ടെത്താനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് നികുതി വെട്ടിപ്പുകാര്‍ കുടുങ്ങിയത്. കയറ്റുമതിക്കാരനായ അനന്യാ എക്‌സിമിനെതിരെയുള്ള കേസില്‍ അന്വേഷണത്തിനിടെയാണ് നികുതി ഉദ്യാഗസ്ഥര്‍ക്ക് പുതിയ തെളിവുകള്‍ ലഭിച്ചത്. ഒമ്പത് മാസം മുന്‍പാണ് ഡിജിജിഐയും റവന്യൂ ഇന്‍റലിജന്‍സ് ഡയറക്‌ടറേറ്റിന്‍റെയും സംയുക്താന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ച് ഐജിഎസ്‌ടി റീഫണ്ട് നേടിയിരുന്നു.
ഡിജിജിഐ നടത്തിയ അന്വേഷണത്തില്‍ മൂന്ന് കമ്പനികളും 4100 കോടി രൂപയുടെ ഇന്‍വോയ്‌സ് ആണ് തയ്യാറാക്കിയത്. 600 കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ ഈ വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ ജിഎസ്‌ടി നിയമപ്രകാരം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ ഫോര്‍ച്യൂണ്‍ ഗ്രാഫിക്‌സിന്‍റെയും റീമ പോളിചയത്തിന്‍റെയും ഡയറക്‌ടര്‍മാരാണെന്ന് നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിജിജിഐ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ഇവരോട് ഹാജരാകാന്‍ നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ തയ്യാറായിരുന്നില്ല.
എബി പ്ലയേഴ്‌സ് എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടറിനെയും ഡിജിജിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഇയാളുടെ നിയന്ത്രണത്തിലാണ്. വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ച് ഐജിഎസ്‌ടി റീഫണ്ട് ക്ലെയിം ചെയ്‌തതിനാണ് ഇയാളെയും അറസ്റ്റ് ചെയ്‌തത്. ജിഎസ്‌ടി, കേന്ദ്ര എക്‌സൈസ് തീരുവ, സേവന നികുതി ഇവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഏജന്‍സിയാണ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്‌ടി ഇന്‍റലിജന്‍സ്. മൂന്ന് പേരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.