ലക്‌നൗ: ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവിനെ പിടികൂടി. ഉന്നാവോ സ്വദേശിയായ സോനുലാൽ വർമ ഏലിയാസ് രജ്‌വീറാണ് (26) പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും നിരവധി തിരിച്ചറിയൽ രേഖകൾ, സ്റ്റാമ്പുകൾ, ആർമി യൂണിഫോമുകൾ എന്നിവ കണ്ടെത്തി. ആർമി യൂണിഫോമിട്ടുകൊണ്ട് സോനുലാൽ അയോധ്യയിൽ കറങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മിലിട്ടറി ഇന്‍റലിജൻസ് അന്വേഷണം ആരംഭിച്ചത്. ഇയാൾ തട്ടിപ്പ് നടത്തുകയാണെന്ന് കണ്ടെത്തിയ മിലിട്ടറി ഇന്‍റലിജൻസ് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം കൈമാറി.
നാസിക്, ഡെറാഡൂൺ, ബറേലി, അമേഠി, ആഗ്ര, ലക്‌നൗ, ഫൈസാബാദ് എന്നിവിടങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആർമിയിൽ ചേർക്കാമെന്ന് വിശ്വസിപ്പിച്ച് പത്തിലധികം പേരുടെ കയ്യിൽ നിന്നും ഇയാൾ ഏഴ് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം ഇയാൾ ഫോൺ നമ്പർ മാറ്റി അടുത്ത സ്ഥലത്തേക്ക് കടക്കും. എന്നാൽ ഇയാൾക്ക് ആർമിയുമായി യാതൊരു ബന്ധവുമില്ല.
രണ്ട് ജോഡി യൂണിഫോം, ആറ് വ്യാജ ആർമി തിരിച്ചറിയൽ രേഖകൾ, രണ്ട് ആർമി സ്റ്റാമ്പുകൾ, നിരവധി ആർമി ബാഡ്‌ജുകൾ, ആർമിയിൽ ചേരാൻ ഇയാളുമായി ബന്ധപ്പെട്ടവരുടെ രേഖകൾ എന്നിവ കണ്ടെത്തി. താൻ മുൻ ദേശീയ കേഡറ്റാണെന്നും ലക്‌നൗ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ സോനുലാൽ പറഞ്ഞു. 2017 മുതലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.