മുംബൈ : മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ച് രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്ന് എൻസിപി. 2014 ലെ വോട്ടെടുപ്പില്‍ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ മറച്ചുവച്ചെന്ന കേസില്‍ ഫഡ്‌നവിസിന് ക്ലീൻ ചിറ്റ് നൽകിയ മുംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഫഡ്‌നവിസിന് അവകാശമില്ലെന്ന് എൻസിപിയുടെ മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞു. തനിക്കെതിരായ ക്രിമിനൽ കേസുകൾ തീർപ്പാക്കാത്ത വസ്‌തുതകൾ മറച്ചുവച്ച് ഫഡ്‌നവിസ് വോട്ടർമാരോട് കള്ളം പറയുകയാണെന്ന് എൻസിപി വക്താവ് മഹേഷ് തപേസ് ആരോപിച്ചു. ഉയർന്ന ധാർമ്മിക നിലവാരം പുലർത്തുന്ന ബിജെപി അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം നിരസിക്കണമെന്നും തപേസ് പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ സതീഷ് അങ്കി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തനിക്കെതിരായ രണ്ട് ക്രിമിനൽ കേസുകളുടെ നിരപരാധിത്വം തെളിയിക്കുന്നതിൽ ഫഡ്‌നവിസ് പരാജയപ്പെട്ടുവെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ രണ്ട് കേസുകൾ 1996 ലും 1998 ലും ഫഡ്‌നവിസിനെതിരെ ഫയൽ ചെയ്‌തിരുന്നുവെങ്കിലും ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.