ന്യൂഡൽഹി: ഫേസ്ബുക്കിന്‍റെ കമ്യൂണിറ്റി സ്റ്റാന്‍ഡേർഡുകൾ ലംഘിക്കുന്ന വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക്. ഇന്ത്യയിൽ ബിജെപിയോട് പക്ഷപാതപരമായി സമീപിക്കുന്ന പോളിസികളാണ് ഉള്ളതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം. ഇത്തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്‌തെന്നും തുടർന്നും ഈ നിലപാട് തന്നെ തുടരുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ആളുകൾക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്ന സുതാര്യവും പക്ഷപാതപരമല്ലാത്തതുമായ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്ക് എന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും മാനേജിങ് ഡയറക്‌ടറുമായ അജിത് മോഹൻ പറഞ്ഞു. കുറച്ച് ദിവസമായി ഫേസ്‌ബുക്കിനെതിരെ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണം ഉയരുന്നുണ്ട്. ഈ ആരോപണങ്ങളെ ഗുരുതരമായാണ് കാണുന്നതെന്നും ഏത് രൂപത്തിലുള്ള വിദ്വേഷത്തെയും വർഗീയതയെയും അപലപിക്കുന്നതാണ് ഫേസ്ബുക്ക് നിലപാട് എന്നും മോഹൻ പറഞ്ഞു. ഫേസ്ബുക്കിന്‍റെ കണ്ടന്‍റ് റെഗുലേഷൻ പോളിസികൾ ബിജെപിയെ അനുകൂലിക്കുന്നതാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ഫേസ്‌ബുക്കിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങളാണ് ഇന്ത്യയിൽ ഉയരുന്നത്.