ഹൈദരാബാദ്: നിസാമുദീൻ സമ്മേളനത്തിന്‍റെ തയ്യാറെടുപ്പ് യോഗത്തിൽ പങ്കെടുത്ത നേത്രരോഗ വിദഗ്‌ധനെ ആശുപത്രി നിരീക്ഷണത്തിലാക്കി. ഡോക്‌ടറുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്‌ടറാണ് ഇദ്ദേഹം. ജമാഅത്ത് പ്രവർത്തകനും സംഘാടക സമിതി അംഗവുമായ ഇയാൾ മാർച്ച് എട്ടിന് ഡൽഹി സന്ദർശിച്ചശേഷം മാർച്ച് 10 നാണ് അദിലാബാദിലേക്ക് മടങ്ങിയത്.
എന്നാൽ യോഗത്തിൽ പങ്കെടുത്ത കാര്യം ഇയാൾ മറച്ചുവെയ്‌ക്കുകയും മാർച്ച് 12 മുതൽ ഏപ്രിൽ ഒന്ന് വരെ രോഗികളെ ചികിത്സിക്കുകയും ചെയ്‌തു. തയ്യാറെടുപ്പ് യോഗത്തിൽ മാത്രമെ ഇദ്ദേഹം പങ്കെടുത്തിട്ടുള്ളൂവെന്നും സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമാണ് ഡോക്‌ടറെ നിരീക്ഷണത്തിലാക്കിയത്. സംഭവത്തിൽ പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരിശോധനാ ഫലം ലഭിച്ചശേഷം നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അധികൃതർ അറിയിച്ചു.