കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന പെട്രാപോൾ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് വഴി അയൽരാജ്യമായ ബംഗ്ലാദേശുമായി ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കാൻ നീക്കം. ആവശ്യമായ എല്ലാ പ്രോട്ടോകോളുകളും തുടർന്നായിരിക്കും നടപടി.
പ്രാദേശിക ട്രക്ക് ഡ്രൈവർമാരായ 100 പേർക്ക് ബംഗ്ലാദേശ് തുറമുഖ പ്രദേശത്ത് 500 മീറ്റർ വരെ സഞ്ചരിക്കാൻ ആണ് അനുമതി. ഡ്രൈവർമാർ പിപിഇ നിർബന്ധമായും ധരിക്കേണ്ടതാണ്. ഇറക്കുമതി പ്രക്രിയ നടക്കുമ്പോൾ വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങരുത്. ഇറക്കുമതിക്ക് ശേഷം ട്രക്കുകൾ അനുണശീകരണം നടത്തണമെന്നും നിർദേശമുണ്ട്. ദിവസവും 12 മണിക്കൂർ വ്യാപാരം അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പെട്രാപോൾ ചെക്ക് പോസ്റ്റിലും പരിസരത്തും ബംഗ്ലാദേശിൽ നിന്നുള്ള വാഹനങ്ങൾ ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയിട്ടുണ്ട്. ഇവ ജൂൺ 14നകം മാറ്റുന്നതാണെന്നും അധികൃതർ അറിയിച്ചു.
മെയ് ആദ്യവാരത്തിൽ രണ്ട് ദിവസങ്ങളിലായി ചെക്ക്പോസ്റ്റ് തുറന്ന് വ്യാപാരം നടത്തിയിരുന്നു. എന്നാൽ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് ഗതാഗതം നിർത്തിവെക്കുകയായിരുന്നു.