വികസനത്തിന്‍റെ പേരില്‍ മനുഷ്യര്‍ ആവാസ വ്യവസ്ഥയുടെ ഭാഗമായ പ്രകൃതി വിഭവങ്ങളെ നശിപ്പിച്ചു കൊണ്ട് വലിയ പാരിസ്ഥിതിക പ്രതിസന്ധിയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. അതു മൂലം ഉണ്ടാകുന്ന മഹാ പ്രകൃതി ദുരന്തങ്ങള്‍ ലോകത്തെ പ്രയാസത്തിലാക്കിക്കഴിഞ്ഞു. ഇത്തരം ഒരു പ്രതിസന്ധി വേളയില്‍ വ്യവസായം ആരംഭിക്കുന്നതിനും വികസനത്തിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ സ്ഥാപിക്കുന്നതിനുമായി പരിസ്ഥിതി അനുമതി നല്‍കുന്ന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട അടിയന്തരമായ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പുറത്തിറക്കിയ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തിന്‍റെ കരട് രേഖയിലെ നിരവധി ശുപാര്‍ശകള്‍ തെറ്റിപോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മുന്‍ കൂട്ടിയുള്ള പാരിസ്ഥിതിക അനുമതി വാങ്ങിക്കാതെ വ്യവസായങ്ങളും പദ്ധതികളും നടപ്പിലാക്കുവാന്‍ അനുവദിക്കുന്ന ഈ വിജ്ഞാപനം വലിയ ചര്‍ച്ചകള്‍ക്കുള്ള ഒരു വിഷയമായി മാറികഴിഞ്ഞു. എന്നാൽ വ്യവസായ കമ്പനികള്‍ക്കും പദ്ധതികള്‍ക്കും എല്ലാം പാരിസ്ഥിതിക അനുമതി നല്‍കുന്നത് അതി വേഗത്തിലാക്കുവാനുള്ള അങ്ങേയറ്റം സുതാര്യമായ പ്രക്രിയയാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വാദം.
ഭയപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍
പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യവസായങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ അനുവദിക്കുന്ന ശുപാര്‍ശകള്‍ പ്രസ്‌തുത കരട് രേഖയിലുള്ളത് അപകടകരമായ ഒരു സംഭവ വികാസമാണ്. നിലവില്‍ തന്നെ ഒട്ടേറെ പദ്ധതികളും വ്യവസായങ്ങളും കൃത്യമായ പരിസ്ഥിതി അനുമതികള്‍ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2020 മേയ് ഏഴിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമേഴ്‌സ് എന്ന കമ്പനിയില്‍ ഉണ്ടായ അപകടം ഇതിന് ഉത്തമ ഉദാഹരണമാണ്. അപകടം സംഭവിച്ചപ്പോൾ പുറത്തു വന്ന സ്റ്റിയറിന്‍ എന്ന വിഷവാതകമാണ് സാഹചര്യങ്ങൾ വഷളാക്കിയതെന്നും രാജ്യത്തിന് പുരോഗതി മൂന്നിൽക്കണ്ട് തന്നെയാണോ ഇത്തരം പ്രൊജക്‌ടുകൾക്ക് അനുമതികൾ നൽകുന്നതെന്നും ചോദ്യമുയരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി എല്‍ജി പോളിമേഴ്‌സ് പ്ലാന്‍റ് പരിസ്ഥിതി അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത് എന്നത് ദാരുണമായ ഒരു വസ്‌തുതയാണ്. മേയ് 27ന് കിഴക്കന്‍ അസമിലെ ടിന്‍സൂക്കിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ ധാതുലവണ പാടത്ത് പ്രകൃതി വാതകം പുറത്തേക്ക് വമിച്ചതിലൂടെ വലിയ തീപിടുത്തം ഉണ്ടായി. സമ്പന്നമായ ജൈവ വൈവിധ്യത്തിന് പേരു കേട്ട ഈ മേഖലയിലെ വന്യ ജീവിതത്തിനും സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും നിലനില്‍പിന് തന്നെയും ഭീഷണിയായി മാറിയിരുന്നു കാട്ടുതീ. ഒരു പൊതു മേഖലാ കമ്പനിയായിരുന്നിട്ടു കൂടി കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പാരിസ്ഥിതിക അനുമതി ഇല്ലാതെയാണ് അവര്‍ പ്രകൃതി വാതക സ്രോതസുകള്‍ കുഴിച്ചെടുത്തുകൊണ്ടിരുന്നത് എന്നാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്.
വ്യാവസായങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍ കീഴില്‍ നടത്തി വരുന്ന പ്രക്രിയയാണ് പരിസ്ഥിതി ആഘാത വിലയിരുത്തല്‍. വ്യാവസായിക കമ്പനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി അപേക്ഷിച്ചു കഴിഞ്ഞാല്‍ ഉടനടി അനുമതി നല്‍കുന്ന രീതി തടയുന്നതിനു വേണ്ടിയുള്ള ഒരു ക്രമീകരണമാണ് ഇത്. എന്നാല്‍ കാലാകാലങ്ങളില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി കൊണ്ട് മിക്കവാറും എല്ലാ തരത്തിലുമുള്ള പദ്ധതികളേയും പരിസ്ഥിതി വിലയിരുത്തല്‍ പ്രക്രിയയില്‍ നിന്നും ഒഴിവാക്കുന്നത് പരിസ്ഥിതിക്ക് വൻ ആഘാതമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
പരിസ്ഥിതി ആഘാത വിലയിരുത്തലിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് തങ്ങളുടെ ഇഷ്ട പ്രകാരം കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം നല്‍കുന്നു എന്നതാണ് ഈ കരട് രേഖയിലെ മുഖ്യ ഘടകം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാര്യത്തില്‍ പൊതു ജനങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്ന ഒന്നാണ് ഇത്. ദേശീയ സുരക്ഷയുമായും പ്രതിരോധവുമായും ബന്ധപ്പെട്ടിട്ടുള്ള പദ്ധതികളെ പൊതുവായി “തന്ത്രപരമായ'' വിഭാഗത്തിനു കീഴിലാണ് കണക്കാക്കപ്പെടുന്നത്.
വിവേകം പ്രധാനമാണ്
പുറത്തിറക്കിയ കരട് പ്രകാരം പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു മണ്ഡലത്തില്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഇതിന്റെ ഫലമായി ഏത് പദ്ധതിയും “തന്ത്രപരമായ'' ഗണത്തില്‍ ഉള്‍പ്പെടുത്തി കൊണ്ട് പാരിസ്ഥിതിക അനുമതി നൽകി അനുവദിക്കപ്പെടുന്നു എന്നു വരുന്നു. പൊതു ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടുന്ന പദ്ധതികളുടെ പട്ടികയില്‍ നിന്നും വലിയൊരു നിര പദ്ധതികളെ ഒഴിവാക്കിയിരിക്കുന്നു ഈ വിജ്ഞാപനം. ഉദാഹരണത്തിന് രാജ്യത്തിന്‍റെ അതിര്‍ത്തി മേഖലകളിലുള്ള റോഡുകളുടെയും പൈപ്പ് ലൈനുകളുടെയും നിര്‍മാണ പദ്ധതികള്‍ക്ക് പൊതു ജനാഭിപ്രായം തേടാതെ തന്നെ പാരിസ്ഥിതിക അനുമതി നല്‍കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഇതിന്‍റെ ഫലമായി ഒട്ടേറെ വൈവിധ്യമാര്‍ന്ന സസ്യ മൃഗാദികളുടെ നില നില്‍പ്പ് തന്നെ വലിയ ഭീഷണി നേരിടാന്‍ പോവുകയാണ്. അതുപോലെ ഉള്‍നാടന്‍ ജലഗതാഗതവും ദേശീയ ഹൈവെ വികസന പദ്ധതികളും എല്ലാം തന്നെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതുപോലെ 150000 ചതുരശ്ര അടി വരെ വിസ്‌തൃതിയുള്ള കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള പദ്ധതികള്‍ക്കും ഇതേ ഇളവുകള്‍ തന്നെ നല്‍കിയിട്ടുണ്ട്. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ചപ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അത് തള്ളി കളയുകയുണ്ടായി.
പദ്ധതികള്‍ക്ക് അനുമതികള്‍ നല്‍കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഘടകങ്ങളാണ് ബാധിക്കപ്പെട്ട പ്രദേശത്തെ പാരിസ്ഥിതിക ആഘാത വിലയിരുത്തലും പൊതു ജനാഭിപ്രായവും. ഈ പ്രക്രിയയില്‍ പ്രദേശവാസികളായ ജനങ്ങളെ പങ്കാളികളാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ താന്താങ്ങളുടെ മേഖലകളില്‍ വരാന്‍ പോകുന്ന പദ്ധതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയുവാന്‍ കഴിയുകയുള്ളൂ.