വാലറ്റ് വേഴ്‌സസ് ബുള്ളറ്റ് എന്ന ആശയം താങ്കളുടെ മനസ്സിലേക്ക് കടന്നു വന്നത് എങ്ങനെയാണ്?
ലഡാക്കില്‍ ജീവിച്ചു കൊണ്ടിരിക്കെ എപ്പോഴും ഞാന്‍ ചൈനയുടെ അപമര്യാദ മേധാവിത്വത്തിനും അല്ലെങ്കില്‍ കടന്നു കയറ്റത്തിനും സാക്ഷിയായിട്ടുണ്ട്. ഒട്ടേറ മനുഷ്യരാണ് ചൈനയുടെ ഈ തീരുമാനങ്ങൾ കൊണ്ട് കഷ്‌ടത അനുഭവിക്കുന്നത്. പ്രത്യേകിച്ചും ഈ പ്രദേശത്തുള്ള ആട്ടിടയന്മാര്‍. ദിവസേന തങ്ങളുടെ ആടുകളെ പുല്ലു മേയാന്‍ കൊണ്ടു പോകുമായിരുന്ന അവര്‍ക്ക് ചൈനയുടെ കടന്നു കയറ്റം മൂലം സ്വന്തം ഭൂമി അനുദിനം കുറഞ്ഞു വന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കടന്നു കയറാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് മറ്റ് ചില ആസൂത്രണങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ലോക രാഷ്‌ട്രങ്ങൾ കൊവിഡ് എന്ന വിപത്തിനെ നേരിടുമ്പോൾ ഒരു രാജ്യവും ചെയ്യാത്ത നടപടികളാണ് ചൈന സ്വീകരിക്കുന്നത്.
അതിര്‍ത്തി ലംഘിക്കുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റ് പല ലക്ഷ്യങ്ങളും അവർക്ക് മുമ്പിലുണ്ട്. ഇന്ത്യയുടെ അതിർത്തിയെ കൂടാതെ ദക്ഷിണ ചൈന കടലില്‍ വിയറ്റ്‌നാം, തായ്‌വാന്‍, യു എസ് നാവിക സേനകളെ അടക്കം ചൈന വെല്ലുവിളിക്കുകയാണ്. ഒരു മാസത്തെ കാലയളവിലാണ് ചൈന ഇത്തരത്തിൽ അയൽ രാജ്യങ്ങളെ അടക്കം പ്രകോപിപ്പിക്കാൻ തുടങ്ങിയത്. കൊവിഡിനെ തുടർന്ന് ചൈനയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉയർന്നു കഴിഞ്ഞിരുന്നു. കൊവിഡിനെ തടയാൻ ഭരണകൂടത്തിന് കഴിയാതെ ഇരുന്നതും സമ്പദ് വ്യവസ്ഥയുടെ തകർച്ചയുമെല്ലാം ചൈനയിലെ ജനങ്ങളെ ക്ഷുഭിതരാക്കിയിരുന്നു. ഇതിൽ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് ചൈനയുടെ ഈ നീക്കങ്ങളെന്ന് അനുമാനത്തിൽ എത്തേണ്ടി വരും. നമ്മുടെ സമ്പദ് വ്യവസ്ഥയെ ലക്ഷ്യമിടുന്ന ചൈനയെ തോക്ക് കൊണ്ടു നേരിടുന്നതിന് പകരം വാലറ്റ് കൊണ്ടാണ് നേരിടേണ്ടത്. ചൈനീസ് ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക വഴി ചൈനീസ് സമ്പദ് വ്യവസ്ഥ വീണ്ടും ക്ഷയിക്കും. ഇത് വീണ്ടും ചൈനയിലെ ജനങ്ങളുടെ അതൃപ്തി വളർത്തും. അതിനാൽ തന്നെ തോക്കിന് പകരം വാലറ്റ് കൊണ്ടാണ് നമ്മൾ ഇത്തവണ പ്രതികരിക്കേണ്ടത്.
ചൈനയുടെ ഉല്‍പ്പന്നങ്ങളും ആപ്പുകളും ഒക്കെ ബഹിഷ്‌കരിക്കുക സാധ്യമാണോ? ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലായിടത്തുമുള്ള ജനങ്ങളുടെയും ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞില്ലേ?
അതെ. അതൊരു ബുദ്ധിമുട്ടുള്ള ലക്ഷ്യം തന്നെയാണ്. പക്ഷെ അസാധ്യമല്ല. ഈ ലോകത്ത് പല കാര്യങ്ങളും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. മദ്യം കഴിക്കാതിരിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. പുകവലിക്കാതിരിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഈ സാഹചര്യങ്ങളിലും നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. അതിനാല്‍ ഉറച്ച മനസ്സോടുകൂടി ഒരാള്‍ ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ ഒന്നും ബുദ്ധിമുട്ടുള്ള ഒന്നായി മാറുന്നില്ല. സാഹചര്യങ്ങള്‍ അവര്‍ക്ക് അനുസരിച്ച് ഉണ്ടായികൊള്ളും. ജൈന സമുദായക്കാര്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ അവര്‍ക്ക് അവരുടെ ഭക്ഷണം കിട്ടുന്നുണ്ട്. മാംസാഹാരം കഴിക്കാത്തവർക്ക് എവിടെ പോയാലും ഭക്ഷണം കിട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകളെ ഇന്ത്യാ -ചൈനാ അതിര്‍ത്തിയിലെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന ജവാന്മാരുടെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാൽ ഒരു ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിങ്ങള്‍ നേരിടുന്ന പ്രയാസം ഒന്നുമല്ലെന്ന് മനസിലാകും. ഒരു ആപ്പ് പോലും നിങ്ങള്‍ക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തു പറയാന്‍.
ശരാശരി ഇന്ത്യക്കാരന്‍റെ 'ഓ ഇതൊക്കെ എന്ത്?'' എന്നുള്ള അലസ സമീപനം താങ്കളെ വലയ്ക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ ഈ അലസ മനോഭാവത്തില്‍ കുപിതനാണ്. ഒരു രാഷ്ടം എന്ന നിലയില്‍ നമുക്ക് എന്തെങ്കിലും ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം ഈ അലസ മനോഭാവമാണ്. ഇക്കാര്യത്തില്‍ നമ്മള്‍ ചൈനക്കാരില്‍ നിന്നും ചിലതൊക്കെ പഠിക്കാനുണ്ട്. എന്ത് കാര്യം ചെയ്‌താലും ചൈനക്കാര്‍ അത് അത്രക്ക് മികവോടെ മാത്രമേ ചെയ്യൂ. അതു തന്നെയാണ് അവരെ ആത്യന്തികമായി വിജയത്തിലേക്ക് നയിക്കുന്നതും. അതേ സമയം അതിര്‍ത്തിയുടെ ഈ ഭാഗത്ത് നമ്മള്‍ നിരന്തരമായ അലസത കണ്ട് വരുന്നു. അത് തന്നെയാണ് ലോക്ക് ഡൗണിന് ശേഷമുള്ള നമ്മുടെ സമീപനത്തില്‍ പ്രതിഫലിക്കുന്നതും.
കഴിഞ്ഞ എതാനും മാസങ്ങളായി മഹാമാരിയെ നമ്മള്‍ കൈകാര്യം ചെയ്‌ത രീതിയെ ലോകം മുഴുവന്‍ അഭിനന്ദിച്ചു. പക്ഷെ ഇപ്പോള്‍ നമ്മുടെ ഈ അലസ മനോഭാവം കൊണ്ട് ആ അന്തസ്സെല്ലാം ഇല്ലാതാവുന്നതാണ് നാം കാണുന്നത്. ആവശ്യത്തിന് മുന്‍ കരുതല്‍ നടപടികള്‍ നമ്മള്‍ എടുത്തിട്ടില്ലെങ്കില്‍ കൊവിഡിനെതിരെയുള്ള ഈ യുദ്ധം ഇന്ത്യ തോല്‍ക്കാന്‍ പോവുകയാണ്. ഇന്ത്യക്കാര്‍ അതിവേഗം വൈറസിന് മുന്നില്‍ വീഴുന്നുവെങ്കില്‍ എങ്ങനെയാണ് നമ്മള്‍ ചൈനക്കാരെ നേരിടാന്‍ പോകുന്നത്. അതേ സമയം തന്നെ ചൈനയുടെ പൗരന്മാരുടെ ഭാഗത്ത് നിരന്തരമായ ഉത്തരവാദിത്ത മനോഭാവമാണ് കണ്ടു വരുന്നത്. അതാണ് വൈറസിനെ നിയന്ത്രിക്കുന്നതിന് ചൈനക്ക് കഴിഞ്ഞതിനു പിറകിലെ പ്രധാന കാരണം. ഇത് നമ്മള്‍ ചൈനക്കാരില്‍ നിന്നും പഠിക്കേണ്ട കാര്യമാണ്. നമ്മളും സ്വയം അച്ചടക്കമുള്ളവരായി മാറണം. എങ്കില്‍ മാത്രമേ ഈ പോരാട്ടത്തില്‍ പ്രതീക്ഷക്ക് എന്തെങ്കിലും വകയുള്ളൂ.
ചൈനയില്‍ നിന്ന് നമ്മള്‍ അഞ്ച് ലക്ഷം കോടി രൂപ വിലമതിപ്പുള്ള വസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. അതില്‍ 41 ശതമാനം ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളാണ്. ഈ ചൈനീസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് പകരമായി മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുമോ?
തീര്‍ച്ചയായും. ഇത്തരം ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ പരമാവധി ആഭ്യന്തര ഉല്‍പാദനത്തിലൂടെ കണ്ടെത്തുവാന്‍ നമ്മള്‍ ശ്രമിക്കുകയും സാധ്യമാക്കുകയും ചെയ്യണം. അതേ സമയം ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് പകരമായി മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുക എന്നുള്ള കാര്യം സാധ്യമാകുമെന്ന് തോന്നുന്നില്ല. മനുഷ്യാവകാശ നിയമങ്ങളും പരിസ്ഥിതി നിബന്ധനകളും പാലിക്കുന്ന ഇന്ത്യയോട് നല്ല സമീപനമുള്ള മോശമായി പെരുമാറാത്ത രാജ്യങ്ങളില്‍ നിന്ന് വേണം നമ്മള്‍ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടത്. ചൈനയിലെ ഉല്‍പന്നങ്ങള്‍ വില കുറവുള്ളതും കൂടുതല്‍ മത്സരയോഗ്യവുമായി മാറുന്നത് അവിടെ നടക്കുന്ന തൊഴില്‍ നിയമ ലംഘനങ്ങളും മനുഷ്യാവകാശ നിയമ ലംഘനങ്ങളും മൂലമാണ്. ഇക്കാരണത്താല്‍ അവിടെ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം മാത്രമേ നല്‍കേണ്ടതുള്ളൂ.
പരിസ്ഥിതിയെക്കുറിച്ചോ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചോ അവര്‍ ചിന്തിക്കുന്നില്ല. ഇരുകൂട്ടരില്‍ നിന്നും എത്രത്തോളം കഴിയുമോ അത്രത്തോളം പിഴിഞ്ഞെടുത്ത് മുതലെടുപ്പ് നടത്തുകയാണ് അവര്‍ ചെയ്യുന്നത്. അതേ പോലെ തന്നെ വ്യാജ ഉല്‍പന്നങ്ങളുടെ കാര്യത്തിലും അവര്‍ക്ക് വളരെ മോശപ്പെട്ട ചരിത്രമാണുള്ളത്. ഇക്കാരണത്താലൊക്കെയാണ് നിലവില്‍ അവരുടെ ഉല്‍പന്നങ്ങള്‍ വിലകുറഞ്ഞ് ലഭിക്കുന്നത്. അതുപോലെ തന്നെ നാണയത്തിന്‍റെ കാര്യത്തില്‍ നടത്തുന്ന കൃത്രിമ പണികളും ഇതിനു കാരണമാകുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ സ്വയം നമ്മളോട് ചോദിക്കണം. ചൈനയുടെ അന്താരാഷ്ട്ര സമൂഹത്തോട് മാത്രമല്ല, സ്വന്തം ജനങ്ങളോടും കാട്ടുന്ന ഈ സമീപനത്തെ ഇനിയും തുടരാന്‍ അനുവദിക്കണമോ എന്ന്.
ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ തൊഴിലാളികളെയും പരിസ്ഥിതിയേയും ഒക്കെ അങ്ങേയറ്റം കടുത്ത രീതിയില്‍ മുതലെടുത്തു കൊണ്ട് സൃഷ്ടിക്കുന്നവയാണ്. മറ്റ് ഒട്ടേറെ അധാര്‍മികമായ കാര്യങ്ങളും അവിടെ നടക്കുന്നുണ്ട്. ഇതൊക്കെയും അവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന് മറ്റൊരു കാരണമാണ്. നമ്മള്‍ ഒരു കാര്യം എപ്പോഴും മനസ്സില്‍ കരുതേണ്ടതുണ്ട്. നമ്മള്‍ ചൈനീസ് ജനതയോടല്ല മറിച്ച് അവിടത്തെ സര്‍ക്കാരിനോടാണ് വിരോധം വെച്ചു പുലര്‍ത്തുന്നത് എന്ന്. ചൈനയിലെ സര്‍ക്കാര്‍ അവരുടെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും അതൊരു റിപ്പബ്ലിക്കായി മാറുകയും ചെയ്‌താല്‍ ഒരുപക്ഷെ നമുക്ക് ഈ ചിന്താഗതി മാറ്റാനായേക്കും. പിന്നീട് നമുക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാതെ മുന്‍ കാല ബന്ധം പുനരാരംഭിക്കാം.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരണത്തിനുള്ള ഈ ആഹ്വാനം നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ കമ്പനികളോടും താങ്കള്‍ ഇങ്ങനെ ബഹിഷ്‌കരണ ആഹ്വാനം നടത്തുമോ?
എന്‍റെ ആദ്യ ആഹ്വാനം ഇന്ത്യയിലെ ജനങ്ങളോടുള്ളതാണ്. അതിനാല്‍ അവര്‍ക്ക് ഈ പോരാട്ടം തുടങ്ങി വെക്കാന്‍ കഴിയും. അതിലൂടെ ഉണ്ടാകുന്ന താല്‍ക്കാലികമായ അസൗകര്യങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇന്ത്യാ സര്‍ക്കാരിനെയും സമീപിക്കും. അതുപോലെ തന്നെ ആഭ്യന്തരമായി നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് വന്‍കിട ബിസിനസുകാരോടും വ്യാപാരികളോടും ഞാന്‍ അഭ്യര്‍ഥിക്കും.
നമ്മുടെ രാജ്യത്ത് വന്‍ തോതില്‍ മുതല്‍ മുടക്ക് നടത്തുവാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. ഈയിടെ ചൈനയില്‍ നിന്നുള്ള കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സര്‍ക്കാര്‍ ചില നിയന്ത്രണ നടപടികള്‍ എടുത്തിട്ടുണ്ട്. താങ്കള്‍ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കണക്കിലെടുത്തു കഴിഞ്ഞു എന്ന് താങ്കള്‍ക്ക് പറയാനാവുമോ?
ആഭ്യന്തര ബിസിനസിനെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ അത്തരം നടപടികള്‍ എടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ തീരുമാനത്തെ അഭിനന്ദിക്കും. എന്‍റെ ആഹ്വാനം നേരത്തെ തന്നെ ആലോചിച്ച് ഉറപ്പിച്ച് എടുത്ത നടപടിയല്ല. ഇന്ത്യയുടെ അഭിമാനവും അഖണ്ഡതയുമെല്ലാം ചൈനക്കാര്‍ ലംഘിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയത്തില്‍ നിന്നും ഉണ്ടായതാണ് ഈ ആഹ്വാനം.
ചൈനീസ് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ആ മേഖലയിലെ ജലദൗര്‍ലഭ്യത മൂലമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? പാങ്ങ്‌ഗോങ്ങ് ട്സോ തടാകത്തില്‍ നിന്നും മറ്റും കൂടുതല്‍ ജലം കണ്ടത്തുവാനുള്ള ഒരു നടപടിയായി താങ്കള്‍ അതിനെ കാണുന്നുണ്ടോ?
അവരുടെ ശ്രദ്ധ ഈ തടാകത്തില്‍ മാത്രമാണെന്ന് പറയാനാകില്ല. ഒരുപക്ഷെ ഈ തടാകത്തിലേക്ക് ഒഴുകി എത്തുന്ന ജല സ്രോതസ്സിലേക്കായിരിക്കും അവര്‍ അതിലുപരി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക. ഈ സാഹചര്യത്തിൽ നമ്മള്‍ ജാഗരൂകരാവുകയും ആക്രമണോത്സുകമായ ഒരു നിലപാട് എടുക്കുകയുമാണ് വേണ്ടത്. അവര്‍ ഇനി പിന്‍ വാങ്ങിയാല്‍ പോലും ഒരു വര്‍ഷമോ അതിനു ശേഷമോ അവര്‍ മടങ്ങി വരില്ലെന്ന് ആർക്കു പറയാനാകും. 1962ല്‍ നമ്മളില്‍ നിന്നും കവര്‍ന്നെടുത്ത ഭൂമി തിരികെ തരുവാന്‍ നമ്മള്‍ അവരോട് ആവശ്യപ്പെടണം. എന്നിട്ട് ഇരുകൂട്ടരും 1962ന് മുന്‍പുള്ള തങ്ങളുടെ താവളങ്ങളിലേക്ക് പിന്‍വാങ്ങണമെന്നും ആവശ്യം ഉന്നയിക്കണം.
ഇടിവി ഭാരതിന്‍റെ കോടി കണക്കിന് പ്രേക്ഷകരോട് താങ്കള്‍ക്ക് പങ്ക് വെക്കാനുള്ള സന്ദേശമെന്താണ്?
തന്‍റെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഊര്‍ജ്ജസ്വലമായിരിക്കണം എന്നാണ് അഭിമാനിയായ ഏത് പൗരനും പ്രതീക്ഷിക്കുക. ആഗോളവല്‍ക്കരണത്തിന്‍റെ പേരില്‍ സ്‌പൂണും റൊട്ടിയും വെണ്ണയും പോലുള്ള ലളിതമായ ഉല്‍പന്നങ്ങള്‍ പോലും നമ്മള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ആഭ്യന്തര ഉല്‍പാദനവും പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പരിസ്ഥിതി സൗഹാര്‍ദപരമായ ആഗോളവല്‍കൃതമായ ഒരു ലോകത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.
ഇന്ത്യക്കാരോട് മാത്രമല്ല ഞാന്‍ ഇത് ആഹ്വാനം നടത്തുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും പൗരന്മാരോടു കൂടിയാണ്. “ചൈനയെ മാറ്റുവാന്‍ എന്നെ സഹായിക്കൂ'' എന്ന ആഹ്വാനവുമായി ഞാന്‍ എത്തുന്ന വീഡിയോ ഷെയര്‍ ചെയ്യുവാന്‍ ഞാന്‍ നിങ്ങളുടെ എല്ലാ പ്രേക്ഷകരോടും അഭ്യര്‍ഥിക്കുന്നു. അങ്ങനെ ആ സന്ദേശം ലോകം മുഴുവന്‍ പരക്കട്ടെ. അതോടെ ചൈനക്കുമേല്‍ കൂടുതല്‍ കൂടുതല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ടാവട്ടെ. നിങ്ങള്‍ എല്ലാം “വാലറ്റ് ഭടന്മാരാണ്''. നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കൂ.