ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും ഒരാളുടെ ആശയങ്ങള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ആ വ്യവസ്ഥയ്‌ക്കെതിരാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശയങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ ഭീകര വാദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ഇന്ത്യന്‍ സ്‌റ്റുഡന്‍സ് പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രികൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍.
തീവ്രവാദം, നുഴഞ്ഞുകയറ്റം,നക്‌സലിസം - കാരണങ്ങളും, പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ആവിഷ്കാരം സ്വാതന്ത്ര്യത്തെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ധൈര്യമാണ് നക്‌സലുകളെയും, തീവ്രവാദികളെയും നേരിടാന്‍ നമുക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ദീര്‍ഘമായ ചരിത്രമുള്ളതും, ലോകത്തിലെ എറ്റവും വലുതുമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. പല വികസിത രാജ്യങ്ങളും ജനാധിപത്യം അതിന്‍റെ പൂര്‍ണതയില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടിമ്പോള്‍ ഇന്ത്യ അത് വിജയകരമായി നടപ്പാക്കുന്നു. ഇന്ത്യയ്‌ക്ക് മാത്രമാണ് ജനാധിപത്യത്തെ പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ കഴിയുന്നത്" - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പണ്ടുമുതല്‍ നാം പാലിച്ചുപോന്ന ആചാരങ്ങളും, നാഗരികതയുമാണ് ജനാധിപത്യത്തിന് കരുത്ത് പകര്‍ന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ആത്മീയമായ ജനാധിപത്യം ഓരോ ഇന്ത്യക്കാരന്‍റെയും സിരകളിലുണ്ട്. അത് രാഷ്‌ട്രീയമായ ജനാധിപത്യത്തിന് കരുത്ത് പകരുന്നു" - ആരിഫ് ഖാന്‍ വ്യക്തമാക്കി.
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളിലും കേരള ഗവര്‍ണര്‍ നയം വ്യക്തമാക്കി. "പാര്‍ലമെന്‍റ് ഒരു നിയമം പാസാക്കിയാല്‍ രാജ്യം മുഴുവന്‍ അത് ബാധകമാണ്. രാജ്യത്തെ ആകെ പ്രതിനിധീകരിക്കുന്ന സംവിധാനമാണ് പാര്‍ലമെന്‍റ്. പാര്‍ലമെന്‍റ് തീരുമാനങ്ങളെ എതിര്‍ക്കുന്നതില്‍ തെറ്റില്ല. അതും ജനാധിപത്യത്തിന്‍റെ ഭാഗമാണ്. എല്ലാവര്‍ക്കും അതിന് സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് ജനാധിപത്യ വ്യവസ്ഥയ്‌ക്ക് ശക്തി പകരുന്നുതാണ്. എന്നാല്‍ ഓരാളുടെ ആശങ്ങള്‍ മറ്റൊരാളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പലയിടത്തും അത് സംഭവിക്കുന്നുണ്ട്. അത് തീവ്രവാദപരമാണ്" - ആരിഫ് ഖാന്‍ വ്യക്തമാക്കി.
80കളില്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് - ജനതാ ദള്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച സംഭവവും ഗവര്‍ണര്‍ സമ്മേളത്തില്‍ പറഞ്ഞു. ദേശീയ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരുമായി നിരന്തര സംഘര്‍ഷം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍.