കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തു. റിപ്പോർട്ടർ അഭിഷേക് ദത്ത റോയിക്കെതിരായാണ് കേസുകൾ ഫയൽ ചെയ്തത്. മൂന്ന് കേസുകളിലും അഭിഷേക് ദത്ത റോയിക്ക് കൊൽക്കത്ത ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. റിപ്പോർട്ടറിനു വേണ്ടി ജയന്ത നാരായണൻ ഛത്തോപാധ്യയും നസീർ അഹമ്മദും കോടതയിൽ ഹാജരായി.
അഭിഷേക് ദത്ത റോയിക്കെതിരായ ആദ്യ കേസിനാസ്പദമായ സംഭവം നടന്നത് 2019 ഫെബ്രുവരിയിലാണ്. സോനജൂരിയിലെ റിസോർട്ടിൽ അശ്‌ലീല ഫോട്ടോഷൂട്ടുകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടർ വാർത്ത നൽകിയിരുന്നു. വാർത്ത പുറത്ത് വന്നതിനു പിന്നാലെ പ്രദേശത്ത് കനത്ത പ്രതിഷേധവും അരങ്ങേറിയിരുന്നു. തുടർന്ന് റിസോർട്ട് അടച്ചിടാൻ അധികൃതർ ഉത്തരവ് ഇറക്കി. വാർത്ത തെറ്റാണെന്നും, റിസോർട്ടിനെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി റിസോർട് ഉടമകളാണ് റിപ്പോർട്ടർക്കെതിരെ ആദ്യ പരാതി നൽകിയത്.
രണ്ടാമത്തെ സംഭവം നടന്നത് 2020 മെയയിലാണ്. ലോക്ഡൗൺ നിയന്ത്രങ്ങളും സർക്കാർ നിയന്ത്രണങ്ങളും മറികടന്ന് മണൽക്കടത്ത് സംഘങ്ങൾ പ്രദേശത്ത് സജീവമായി. മണൽ മാഫിയക്കും ഭരണകൂടത്തിനും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇടിവി ഭാരത് വാർത്ത നൽകി. വാർത്ത പുറത്ത് വന്നതോടെ റിപ്പോർട്ടർക്കെതിരെ ഇലംബസാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മൂന്നാമത്തെ സംഭവം നടന്നത് 2020 ജൂണിലാണ്. ബോൾപൂർ ബൈപാസിൽ പൊലീസ് വാനുമായി കൂട്ടിയിടിച്ച് ഷെയ്ഖ് ഷഫിക്കുൽ എന്നയാൾ അപകടത്തിൽ പെട്ടു. മണൽ ലോറികളെ പിന്തുടർന്ന പോയ പൊലീസ് വാഹനം നിർത്താൻ തയ്യാറായില്ലെന്നും യുവാവിനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. റിപ്പോർട്ടർ പൊലീസ് അധികൃതരോട് വിശദവിവരങ്ങൾ ചോദിച്ചെങ്കിലും, അപകടത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരണം. തുടർന്ന് ഇടിവി ഭാരത് വാർത്ത നൽകി. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് അഭിഷേകിനെതിരെ പൊലീസ് കേസെടുത്തത്.
മൂന്ന് കേസുകളിലും കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ച അഭിഷേകിന് മുൻകൂർ ജാമ്യം അനുവദിച്ചു. റിപ്പോർട്ടറുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വേണ്ടിയാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം.