ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ സംഭരണമുണ്ടെന്നും ആഭ്യന്തര വിപണിയിൽ മരുന്നിന് കുറവുണ്ടാകാതിരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ. കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ 'ഗെയിം ചേഞ്ചർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ഏറ്റവും വലിയ നിര്‍മാതാക്കൾ ഇന്ത്യയാണ്. മലേറിയക്കാണ് ഈ മരുന്ന് ഉപയോഗിച്ച് വന്നിരുന്നത്.
രാജ്യത്ത് ആവശ്യത്തിന് ഹൈഡ്രോക്സിക്ലോറോക്വിൻ സംഭരണമുണ്ടെന്നും അതിന്‍റെ ആവശ്യകത, ലഭ്യത, ഉല്‍പാദനം എന്നിവ ദിവസേന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) ചെയർമാൻ ശുഭ്ര സിംഗ് പറഞ്ഞു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, മലേറിയ, ല്യൂപ്പസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഈ മരുന്നിന്‍റെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാവാണ് ഇന്ത്യ.
രാജ്യത്ത് മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കലാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഇന്ത്യയുടെ ആവശ്യം നിറവേറ്റിയതിനുശേഷം മാത്രമാണ് കയറ്റുമതി നടക്കുകയെന്നും സിംഗ് വ്യക്തമാക്കി. ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.