ഗൊരഖ്‌പൂര്‍: വീട്ടുജോലിക്കാരിയായ 16 കാരിയെ വീട്ടുടമസ്ഥന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. പിന്നീട് പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹായത്തോടെ കുഞ്ഞിനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മ ജയിലിലാണ്. ഒളിവില്‍ പോയ വീട്ടുടമ വിഭാഷ് സിംഗിനായുള്ള തെരച്ചില്‍ തുടരുകയാണ്. പിപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഭാഷ് സിംഗിന്‍റെ (30) വസതിയിൽ വീട്ടുജോലിക്കാരിയായിരുന്നു പെണ്‍കുട്ടിയെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതനായ ഇയാള്‍ പെൺകുട്ടിയെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ആരോടെങ്കിലും വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ ഇയാള്‍ കുഞ്ഞിനെ പെണ്‍കുട്ടിയുടെ അമ്മയുടെ സഹായത്തോടെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ എറിഞ്ഞു. ജനുവരി 31നാണ് പൊലീസ് മൃതദേഹം കണ്ടെടുക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നത്. ബലാത്സംഗം, ഭീഷണി, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനൽ ഗൂഢാലോചന, പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പെണ്‍കുട്ടിയുടെ അമ്മക്കും പ്രധാന പ്രതിയായ വിഭാഷ് സിംഗിനുമെതിരെ കേസെടുത്തിരിക്കുന്നത്.