ശ്രീനഗര്‍: ഭീകരര്‍ എത്തിയതായുള്ള സംശയത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയില്‍ വന്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവിടേക്ക് കമാന്‍ഡോ വിഭാഗത്തെ എയര്‍ഡ്രോപ്പ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്തെ സൈനിക വിഭാഗമാണ് മേഖലയില്‍ ഭീകരരെ കണ്ടെത്തിയത്.
ഗങ്ബാല്‍ കാടുകളിലെ റോഡ് ഗതാഗതം സാധ്യമല്ലാത്ത പര്‍വത പ്രദേശങ്ങളിലേക്കാണ് കമാന്‍ഡോകളെ എയര്‍ഡ്രോപ്പ് ചെയ്തത്. ദുര്‍ഘടമായ സാഹചര്യങ്ങളിലും ഭീകരവിരുദ്ധ നടപടികള്‍ക്ക് പരിശീലനം സിദ്ധിച്ചിട്ടുള്ള കരസേനയുടെ പാരാ കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. മേഖലയില്‍ വലിയ തോതില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയുള്ളതിനാല്‍ കമാന്‍ഡോകള്‍ ഈ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തും.
ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത് കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഭീകരര്‍ ദക്ഷിണ കശ്മീരിലെ ത്രാല്‍ ടൗണിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് സൈന്യത്തിന്‍റെ നിഗമനം. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പാത തീവ്രവാദികള്‍ വീണ്ടുമുപയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. ഗുരേസിലെ നിയന്ത്രണ രേഖ പ്രദേശത്ത് നിന്ന് ഗങ്ബാലിലേക്ക് എത്തണമെങ്കില്‍ ദുര്‍ഘടമായ മലമ്പ്രദേശത്ത് കൂടെ മൂന്ന് ദിവസമെങ്കിലും സഞ്ചരിക്കണം. ഇവിടെ നിന്ന് ഏഴ് മണിക്കൂര്‍ സഞ്ചരിച്ചാല്‍ ത്രാലില്‍ എത്താം. സൈന്യം വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ സ്വദേശമാണ് ത്രാല്‍. ഇവിടെ നിന്ന് ശ്രീനഗറിലേക്കും എത്താന്‍ കഴിയും.
സെപ്റ്റംബര്‍ 17ന് നിയന്ത്രണ രേഖ കടന്നെത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. 2014ന് ശേഷം പ്രദേശത്തുണ്ടായ ആദ്യ ഏറ്റുമുട്ടലാണ് ഇതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദ് ചെയ്യുകയും സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണ് ഇതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.