റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ ജാഷ്‌പൂരില്‍ ബസ് കാത്തിരിക്കുന്നതിനിടെ 55 വയസുകാരനെ കാട്ടാന നിലത്തെറിഞ്ഞ് കൊന്നു. സാഗ്‌ജോര്‍ ഗ്രാമത്തിലെ ആനന്ദ് പ്രകാശ് ടിഗ്ഗയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം.
ആശുപത്രിയിലേക്ക് പോകുന്നതിനായി ആനന്ദും ഭാര്യയും ബസ് കാത്തിരിക്കുകയായിരുന്നു. പ്രദേശത്തേക്ക് വഴിതെറ്റിയെത്തിയ ആന തുമ്പിക്കൈ ഉയർത്തി ആനന്ദിനെ നിലത്തെറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അയാൾ കൊല്ലപ്പെട്ടു. ഭാര്യ ഓടിരക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ബന്ധുക്കൾക്ക് 25,000 രൂപ അധികൃതര്‍ നഷ്‌ടപരിഹാരം നല്‍കുകയും ചെയ്‌തു. വടക്കൻ ഛത്തീസ്‌ഗഢിലെ വനപ്രദേശങ്ങളിൽ മനുഷ്യര്‍ക്ക് നേരെയുള്ള ആനയുടെ ആക്രമണം നിത്യസംഭവങ്ങളാണ്.