ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കും.അവസാനവട്ട തയ്യാറെടുപ്പുകളിലാണ‌് തെരഞ്ഞെടുപ്പു കമീഷൻ. ഏപ്രിൽ-മെയ‌് മാസങ്ങളിൽ ഏഴോ എട്ടോ ഘട്ടമായാകുംവോട്ടെടുപ്പ‌്. കേരളത്തിൽ ഏപ്രിൽ അവസാനവാരത്തിലോ മെയ‌് ആദ്യമോ വോട്ടെടുപ്പ‌് നടക്കാനാണ‌് സാധ്യത. ആന്ധ്രപ്രദേശ‌്, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ‌് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. നിയമസഭ പിരിച്ചുവിട്ട ജമ്മു കശ‌്മീരിലും ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട‌്.
2014 ൽ ഏപ്രിൽ ഏഴുമുതൽ മെയ് 12 വരെ ഒമ്പത‌് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ‌്. നിലവിലുള്ള ലോക‌്സഭയുടെ കാലാവധി ജൂൺ മൂന്നിന‌് അവസാനിക്കും. 2004 ൽ ഫെബ്രുവരി 29 നും 2009 ൽ മാർച്ച‌് രണ്ടിനും 2014 ൽ മാർച്ച‌് അഞ്ചിനും തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചു. ഇക്കുറി തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം നീണ്ടുപോകുന്നത‌് വിമർശനങ്ങൾക്ക‌് ഇടയാക്കിയിരുന്നു. ഉദ‌്ഘാടന പരിപാടികൾ നടത്താൻ കേന്ദ്രസർക്കാരിന് സമയം നൽകാനാണ‌് തെരഞ്ഞെടുപ്പ് വൈകിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട‌്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് മാധ്യമങ്ങളിലൂടെ വൻതോതിൽ പരസ്യം നൽകിവരികയാണ‌് കേന്ദ്രസർക്കാർ.
വോട്ടിങ്ങ‌് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച‌് ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നശേഷം നടക്കുന്ന തെരഞ്ഞെടുപ്പ‌് എന്ന പ്രത്യേകതയും ഇത്തവണയുണ്ട‌്. വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയതായി അവകാശപ്പെട്ട‌് യുവ സാങ്കേതിക വിദഗ‌്ധൻ സയ്യിദ‌് ഷുജ ലണ്ടനിൽ രംഗത്തെത്തിയിരുന്നു.എന്നാൽ ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പു കമീഷൻ നിഷേധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നതായി പ്രാദേശിക പാർടികൾ ആരോപിച്ചിരുന്നു.