തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയ നരേന്ദ്രമോദിയും അമിത് ഷായും നല്‍കിയത് വ്യക്തമായ സൂചനയാണ്. മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമ്പോൾ ഇതു തന്നെയാകും ബിജെപിയില്‍ ചർച്ചയാകുന്നത്.
മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമപ്പുറം ഇന്ത്യൻ ജനത മോദിയിൽ വിശ്വാസമർപ്പിക്കുന്നു എന്ന വാദത്തിനും തെരഞ്ഞെടുപ്പ് ഫലം അംഗീകാരം നൽകുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ നടത്തിയ ദേശീയത മുൻനിർത്തിയുള്ള പ്രചാരണം ഫലം കണ്ടെന്നും ഈ ഘട്ടത്തിൽ വിലയിരുത്താം. അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണത്തേത്. കർഷക ആത്മഹത്യ, വിലക്കയറ്റം, ജിഎസ്ടി, നോട്ട് നിരോധനം, റാഫേൽ, എവിഎം ക്രമക്കേട് തുടങ്ങി നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ ദേശീയതയും ഹിന്ദുത്വ വികാരവും സൈന്യവും ബിജെപി പ്രചാരണായുധമാക്കിയപ്പോൾ മറ്റ് വിഷയങ്ങളെല്ലാം മുങ്ങിപ്പോയി.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേവല ഭൂരിപക്ഷം ഒറ്റക്ക് നേടി അധികാരത്തിൽ തിരിച്ചെത്തുന്ന കോൺഗ്രസിതര പാർട്ടിയെന്ന ഖ്യാതി ബിജെപിക്ക് സ്വന്തമായി. സ്ഥിരതയുള്ള സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത് വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും വഴി വയ്ക്കുമെങ്കിലും ചോദ്യം ചെയ്യപ്പെടാനാകാത്ത ഭൂരിപക്ഷം നിർണായക തീരുമാനങ്ങളിൽ ഘടക കക്ഷികളെപ്പോലും വക വെക്കേണ്ടതില്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. 17 സംസ്ഥാനങ്ങളിൽ ഭരണമുള്ള ബിജെപിക്ക് രാജ്യസഭയിലെ നേരിയ ഭൂരിപക്ഷം എന്ന കടമ്പ വരും വർഷങ്ങളിൽ മറികടക്കാനാകും. അങ്ങനെയെങ്കിൽ രാമക്ഷേത്ര നിർമ്മാണത്തിന് നിയമം കൊണ്ടുവരിക, ഏകീകൃത സിവിൽ നിയമം പാസ്സാക്കുക, മുത്തലാഖ് ബില്ല് നിയമമാക്കുക, കശ്മീരിന്‍റെ സ്വയം ഭരണാധികാരം റദ്ദ് ചെയ്യുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് ബിജെപിക്ക് അനായാസം നടന്നു നീങ്ങാം.