ലഖ്‌നൗ: ഗുജറാത്തിൽ നിന്നും ഉത്തർ പ്രദേശിലെത്തിയ ശ്രാമിക് സ്പെഷ്യൽ ട്രെയിനിൽ 75കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ സ്ത്രീയുടെ സാമ്പിൾ കൊവിഡ് പരിശോധനക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് അധികൃതർ അറിയിച്ചു. മരിച്ച സ്ത്രീ ഖോരക്‌പൂർ നിവാസിയാണെന്നും രാവിലെ ആറു മണിയോടെ എത്തിയ ശ്രാമിക് സ്പെഷ്യൽ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ബാൻഡ റെയിൽവെ സ്റ്റേഷൻ മാനേജർ എസ്.കെ ശുഖ്‌വാഹ പറഞ്ഞു. 1908 ഇതര സംസ്ഥാന തൊഴിലാളികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ ട്രെയിനിൽ നിന്ന് ഇറങ്ങിയതിന് ശേഷം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നും എസ്.കെ ശുഖ്‌വാഹ പറഞ്ഞു.
അതേ സമയം കൊവിഡ് പരിശോധനക്ക് സാമ്പിൾ അയക്കാതെ പോസ്റ്റ്‌മോർട്ടം നടത്തില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ സ്ത്രീയുടേത് സാധാരണ മരണമെന്നാണ് വിലയിരുത്തലെന്നും കൊവിഡ് പരിശോധനക്ക് സാമ്പിൾ അയക്കുന്ന കാര്യം പരിശോധിക്കുമെന്നും ബാൻഡ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സന്തോഷ് കുമാർ പറഞ്ഞു.