ജയ്‌പൂര്‍: മോഷണക്കുറ്റം ആരോപിച്ച് വയോധികനെ നാട്ടുകാര്‍ തല്ലി കൊന്നു. രാജസ്ഥാനിലെ സിക്കര്‍ പ്രദേശത്താണ് സംഭവം. പട്ടിക ജാതി വിഭാഗത്തിൽ പെട്ട മദൻ ലാൽ (70) ആണ് മരിച്ചത്. നീം കാ താന പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തതായി സിക്കാർ പൊലീസ് സൂപ്രണ്ട് ഗഗൻദീപ് സിംഗ്ല പറഞ്ഞു. പ്രതികളിലൊരാൾ വടികൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജ്യസഭാ എംപി കിരോടി ലാൽ മീനയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്രമികൾക്ക് കർശന ശിക്ഷ നൽകണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ലാലിന്‍റെ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്നും എംപി ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് കാലതാമസം വരുത്തിയെന്നും ലാലിന്‍റെ അക്രമികളുമായി ഇക്കാര്യം പരിഹരിക്കാൻ കുടുംബത്തെ നിര്‍ബന്ധിച്ചെന്നും എംപി ആരോപിച്ചിരുന്നു. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ നൽകണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സസ്‌പെൻഡ് ചെയ്യണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. പരിഷ്‌കൃത സമൂഹത്തിൽ ഇത്തരം പ്രവർത്തികൾക്ക് സ്ഥാനമില്ലെന്ന് നാഗോർ എംപി ഹനുമാൻ ബെനിവാളും സംഭവത്തെ അപലപിച്ചിരുന്നു.