ലഖ്‌നൗ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതുമായുള്ള കാര്യങ്ങൾ വിവാദമായിരിക്കെ ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ അയക്കാരൻ ബലാത്സംഗം ചെയ്തു. ആസാംഗഡ് ജില്ലയിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിലവിൽ പെൺകുട്ടിയെ ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി ആസാംഗഡ് പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിംഗ് പറഞ്ഞു. പ്രതി പെൺകുട്ടിയുടെ വീടിന് മുമ്പിലാണ് താമസിച്ചിരുന്നതെന്നും പെൺകുട്ടിയെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
എട്ട് വയസുകാരി പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു. എട്ട് വയസുകാരിയെ പ്രതി വീട്ടിൽ നിന്നും വിളിച്ചുകൊണ്ട് പോവുകയായിരുന്നെന്നും മകൾ തിരിച്ചെത്തിയപ്പോൾ രക്തസ്രാവമുണ്ടായിരുന്നെന്നും തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ വിവരം അറിയുന്നതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.