സെഹോർ: മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഗ്രാമത്തിലുള്ള ഡയറി ഫാമില്‍ ചെറിയ തർക്കത്തിനിടെ ഉണ്ടായ ആസിഡ് ആക്രമണത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് ഖൈഖേഡ ഗ്രാമത്തിലെ ഡയറിഫാമില്‍ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഡയറി ഫാം ഉടമയുടെ മക്കളായ രാഹുൽ, ദീപക് എന്നിവരാണ് വഴക്കിനിടെ ആസിഡ് എറിഞ്ഞതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു.
പരിക്കേറ്റ ആറ് പേരെയും ഭോപ്പാലിലെ ഹാമിദിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. 18 നും 40 നും ഇടയിൽ പ്രായമുള്ള പരിക്കേറ്റ പുരുഷന്മാർക്ക് കൈയിലും മുഖത്തും പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. ഫാമിലെ പാലിലെ കൊഴുപ്പിന്‍റെ അളവ് പരിശോധിക്കാനായി ഉപയോഗിച്ചിരുന്ന ആസിഡാണ് പ്രതികള്‍ വലിച്ചെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളായ രണ്ടുപേര്‍ക്കെതിരെയും സ്വമേധയാ അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായ ഉപദ്രവമുണ്ടാക്കിയതിന് ഐപിസി 326ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം തർക്കത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.