ഹൈദരാബാദ്: സൈനിക ചർച്ചകൾക്കിടെ ചൈന സ്വീകരിക്കുന്ന നടപടി സ്വീകാര്യമല്ലെങ്കിലും എൽഎസിയിലെ നിലവിലെ സാഹചര്യം സമാധാനപരമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ പറഞ്ഞു. സായുധ സേന ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാൽവാനിലെ ധീരരുടെ ത്യാഗം വെറുതെയാകില്ലെന്ന് അദ്ദേഹം രാജ്യത്തിന് ഉറപ്പ് നൽകി. കേണൽ സന്തോഷ് ബാബുവിനും സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.