ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം 10 ലക്ഷം കൊവിഡ് -19 ടെസ്റ്റുകൾ നടത്താനുള്ള സംവിധാനങ്ങള്‍ക്കായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ജനുവരിയിൽ നമുക്ക് കൊറോണ പരിശോധനയ്ക്കായി ഒരു കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാജ്യത്തൊട്ടാകെ 1300 ലാബുകൾ പ്രവർത്തിക്കുന്നു. രാജ്യത്ത് ഇന്ന് അഞ്ച് ലക്ഷത്തിലധികം പരീക്ഷണങ്ങൾ ദിവസവും നടക്കുന്നു. വരും ആഴ്ചകളിൽ പ്രതിദിനം പത്ത് ലക്ഷം ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്' പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് നിലവിൽ 11,000 കൊവിഡ് ചികിത്സ സൗകര്യങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷൻ ബെഡുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് നിർമിക്കുന്ന പിപിഇ കിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. നിലവിൽ 1200 നിർമാതാക്കൾ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പുതിയ ഏറ്റവും ഉയർന്ന 49931 കൊവിഡ് കേസുകളുമായി രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 708 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മൊത്തം കൊവിഡ് കേസുകൾ 14,35,453 ആണ്. ഇതിൽ 4,85,114 സജീവ കേസുകളുണ്ട്. 9,17,568 പേര്‍ രോഗവിമുക്തരായി. 32,771 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.