പുരി: പുരിയിലെ ജഗന്നാഥ് ക്ഷേത്രത്തിന് സമീപം ആരാലും നോക്കാനില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ധാരാളം ആളുകളുണ്ട്. ഭിക്ഷയെടുത്താണ് ഇവര്‍ ജിവിക്കുന്നതും. അവരുടെ പേരോ, സ്ഥലമോ ആരും അന്വേഷിക്കാറുമില്ല. എന്നാല്‍ ഭിക്ഷ യാചിച്ചു നടന്ന ഒരു വൃദ്ധ കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചു. ഒഴുക്കോടെ ഇംഗ്ലീഷ് പറഞ്ഞും, സംസ്കൃത ശ്ലോകം ചൊല്ലിയും നടക്കുന്ന ലക്ഷ്‌മിപ്രിയ മിശ്രയാണ് ആളുകള്‍ക്കുള്ളില്‍ കൗതുകം ജനിപ്പിച്ചത്. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയത്.
ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലടക്കം അധ്യാപികയായി ജോലി നോക്കിയ ആളാണ് ലക്ഷ്‌മിപ്രിയ. ഭാഷകളില്‍ മാത്രമല്ല കണക്കിലും, സയന്‍സിലും നല്ല അറിവുള്ളയാണ് ഈ അമ്മ. കണക്കും, കെമിസ്‌ട്രിയും പഠിപ്പിക്കാനാണ് എത്യോപ്പിയയിലേക്ക് പോയത്. ഗുജറാത്തിലും കുറച്ച് നാള്‍ ഇവര്‍ അധ്യാപികയായിരുന്നു. ലക്ഷ്‌മിപ്രിയ ഒരു കുട്ടിയെ ദത്തെടുത്തിരുന്നു. ഏഴ് വര്‍ഷം മുമ്പ് ആ കുട്ടിയെ കാണാതായി അതോടെ മാനസിക നില തകരാറിലായതോടെയാണ് ഇവർ യാചകയായത്.