ന്യൂഡൽഹി: വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറിയാൽ കസ്റ്റഡിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ വ്യവസായി വിജയ് മല്യ നൽകിയ അപ്പീൽ യുകെ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
മല്യയുടെ അപ്പീൽ യുകെ ഹൈക്കോടതി തള്ളി. എന്നാൽ മല്യ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. യുകെയിലെ സംവിധാനം വ്യത്യസ്തമാണെന്നും സുപ്രീംകോടതിയെ സമീപിക്കേണ്ടതിന്‍റെ കാരണം ഹൈക്കോടതി അംഗീകരിച്ചാൽ മാത്രമേ ഇത് സാധ്യമാകുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറി വിചാരണ നടപടികൾക്ക് വിധേയനാക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേട്ട്‌സ് കോടതി ഉത്തരവിട്ടിരുന്നു. മല്യയ്ക്ക് മേലുള്ള ഇന്ത്യയുടെ ഏഴ് ആരോപണങ്ങളും ശരിവെക്കാവുന്നതാണെന്ന് യുകെ കോടതിയിലെ രണ്ടംഗ ബെഞ്ചും വ്യക്തമാക്കിയിരുന്നു. 9000 കോടി രൂപയുടെ വായ്‌പ തട്ടിപ്പ് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രതിയാണ് വിജയ് മല്യ. വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത് രാജ്യം വിടുകയായിരുന്നു.