ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ചിദംബരം, മകൻ കാർത്തി തുടങ്ങിയവർക്കെതിരെ ഇ-കുറ്റപത്രം (പാസ്‌വേഡ് പരിരക്ഷിതം) പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറിന് മുമ്പാകെയാണ് സമർപ്പിച്ചത്. സാധാരണഗതിയിൽ കോടതി പ്രവർത്തനങ്ങൾ ആരംഭിച്ചാൽ കുറ്റപത്രത്തിന്‍റെ ഹാർഡ് കോപ്പി ഫയൽ ചെയ്യണമെന്ന് ജഡ്ജി അജയ് കുമാർ ഏജൻസിയെ നിർദേശിച്ചു.
ചിദംബരവും മകനും കൂടാതെ കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്.എസ് ഭാസ്‌കരരാമൻ, മറ്റ് ചിലർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 21നാണ് ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഒക്ടോബർ 16ന് ഇത് സംബന്ധിച്ച പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആറ് ദിവസത്തിന് ശേഷം ഒക്ടോബർ 22ന് സിബിഐ സമർപ്പിച്ച കേസിൽ ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചു. ഇ.ഡി അറസ്റ്റ് ചെയ്ത കേസിൽ 2019 ഡിസംബർ നാലിനാണ് ജാമ്യം ലഭിച്ചത്.