ന്യൂഡൽഹി: ഭീകരവാദത്തിന് പണം സമാഹരിച്ച കേസിൽ അറസ്റ്റിലായ ഐജാസ് ഹുസൈൻ ഖവാജയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2006ലാണ് 2.05 കിലോഗ്രാം ആർഡിഎക്‌സും 49 ലക്ഷം രൂപയും അടങ്ങിയ ബാഗുമായി ഐജാസ് ഹുസൈൻ ഖവാജ അറസ്റ്റിലായത്.
ഡൽഹിയിലെ റെസിഡൻഷ്യൽ ഫ്ലാറ്റിന്‍റെ ഒരു ഭാഗവും ഭാര്യയുടെ ബാങ്ക് ബാലൻസും ഉൾപ്പെടെയുള്ള സ്വത്തവകകളാണ് കണ്ടുകെട്ടിയത്. ജമ്മു കശ്മീരിലെ ഭീകരതയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇയാൾ ധനസഹായം നൽകിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. 1908ലെ സ്‌ഫോടകവസ്തു ലഹരിവസ്തു നിയമവും 1967ലെ നിയമവിരുദ്ധ പ്രവർത്തന നിയമപ്രകാരം ഖവാജയെ ഏഴ് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത തുക വിചാരണക്കോടതി കണ്ടുകെട്ടിയിരുന്നു.