ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് നിയമസഭാ സീറ്റുകളിലടക്കം രാജ്യത്തെ 64 നിയമസഭാ-ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 24ന് നടക്കും.
കേരളം കൂടാതെ അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 59 മണ്ഡലങ്ങളിലും ഒക്ടോബര്‍ 21ന് ഉപ തെരഞ്ഞെടുപ്പ് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലെ വിജ്ഞാപനം സെപ്റ്റംബര്‍ 23ന് വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം സെപ്റ്റംബര്‍ മുപ്പതാണ്. സൂക്ഷ്മപരിശോധന ഒക്ടോബര്‍ ഒന്നിനും പത്രിക പിന്‍വലിക്കാനുള്ള തിയതി ഒക്ടോബര്‍ മൂന്നുമാണ്.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജ്ഞാപനം സെപ്റ്റംബര്‍ 27ന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ നാലും അഞ്ചിന് സൂക്ഷ്മ പരിശോധനയും നടക്കും. ഏഴിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.