ന്യൂഡല്‍ഹി: രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസിന്‍റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നാളെ വാദം കേൾക്കാനിരിക്കെയാണ് കമ്മീഷന്‍റെ തീരുമാനം.
"ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി രാവീജ് ഗാന്ധിയെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ വാക്കുകൾ നാണം കെട്ടതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിരന്തരം ലംഘിക്കുകയാണ് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ യാതൊരു നടപടിയും എടുക്കാന്‍ തയ്യാറാകുന്നില്ല" - ഹർജിയിൽ കോൺഗ്രസ് ആരോപിക്കുന്നു.
''താങ്കളുടെ പിതാവിന് മുഖസ്തുതിക്കാരുടെ ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടുണ്ടാകാം എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് മരണപ്പെട്ടത്'' എന്നായിരുന്നു ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാജീവ് ഗാന്ധിയെക്കുറിച്ച് മോദി നടത്തിയ പരാമർശം.