ന്യൂഡൽഹി: കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് പ്രാപ്‌തമല്ലെന്ന് കോൺഗ്രസ്. വോട്ടെടുപ്പ് പാനൽ തങ്ങൾ നൽകിയ എല്ലാ നിർദേശങ്ങളും അവഗണിച്ചെന്നും കൊവിഡ് വെല്ലുവിളിയെ നേരിടാൻ മാർഗനിർദേശങ്ങൾ അപ്രാപ്‌തമാണെന്നും ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ഇവിഎം ഒഴിവാക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നുവെന്നും ഒരു മെഷീൻ ഒരുപാട് ആളുകൾ ഉപയോഗിക്കുന്നത് കൊവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലറ്റ് പേപ്പറിലൂടെ ഈ പ്രശ്‌നം ഒഴിവാക്കാമെന്നിരിക്കെ ഇവിഎം മെഷീനുകൾ സാനിറ്റൈസ് ചെയ്യാനാണ് കമ്മിഷൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ-നഗര പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ വ്യത്യസ്‌തമാണെന്നും എന്നാൽ തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളിൽ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ ഒന്നും കാണുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഈ വിഷയം കമ്മിഷൻ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നും ജനങ്ങളുടെ സുരക്ഷ മുന്നിൽക്കണ്ടുള്ള മാർഗനിർദേശങ്ങളാണ് നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നൽകിയ ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുനപരിശോധിക്കണമെന്നും സുതാര്യവും ഫലപ്രദവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കമ്മിഷൻ സമഗ്ര ചർച്ചയ്ക്ക് തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.