ബെംഗളൂരു: ജാതി പറഞ്ഞ് വോട്ട് തേടിയതിന്‍റെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പക്കെതിരെ എഫ്‌ഐആര്‍ ചുമത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 23ന് കഗ്‌വാഡ് നിയമസഭാ മണ്ഡലത്തിലെ ഗോകക്കിലും ഷിരുപ്പിയിലും യെദ്യൂരപ്പ ജാതി പറഞ്ഞ് വോട്ട് തേടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയതായി അഡീഷണൽ ചീഫ് ഇലക്‌ടറൽ ഓഫീസർ പ്രിയങ്ക മേരി ഫ്രാൻസിസ് അറിയിച്ചു. യെദ്യൂരപ്പയുടെ പ്രസംഗങ്ങളില്‍ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റര്‍ ചെയ്‌തതായും പ്രിയങ്ക അറിയിച്ചു.
അതേസമയം കര്‍ണാടകയിലെ ഹനാകരെയില്‍ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ വാഹനം പരിശോധിക്കാത്തതില്‍ ആറ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഫ്‌ഐആര്‍ ചുമത്തി. ഇവരില്‍ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്‌തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരുന്നതിന് ആഭ്യന്തര മന്ത്രിയുടെ വാഹനം പിന്തുടർന്ന വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെയും മദ്ദൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
വരാഹാ ചെക്ക്‌പോസ്റ്റില്‍ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ.രാഘവേന്ദ്രയുടെ വാഹനം പരിശോധിക്കാത്തതില്‍ സ്റ്റാറ്റിക് നിരീക്ഷണ സംഘത്തിലെ നാല് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്‌തു. 15 കർണാടക നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 5 ന് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.