ചണ്ഡിഗഡ്: എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റിൽ പറത്തി ഹരിയാന രാഷ്ട്രീയത്തിൽ ജെജെപിക്ക് മുന്നേറ്റം. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഹരിയാന രാഷ്ട്രീയത്തിലെ ജൻനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സർക്കാർ രൂപീകരിക്കാൻ 46 സീറ്റ് വേണമെന്നിരിക്കെ 40 സീറ്റ് നേടാനെ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളു. കോൺഗ്രസ് 31 സീറ്റും ജെജെപി 10 സീറ്റും മറ്റുള്ളവര്‍ 9 സീറ്റുമാണ് തെരഞ്ഞെടുപ്പിൽ നേടിയത്.
സർക്കാർ രൂപീകരിക്കാൻ ജെജെപി യുടെ പിന്തുണ വേണമെന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിനോടുള്ള ആഗ്രഹം ചൗട്ടാല വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെ കോൺഗ്രസ് പാർട്ടി ജെജെപിയെ സമീപിച്ചെങ്കിലും ചൗട്ടാല ഉറപ്പു നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്, ജെജെപിക്ക് മുഖ്യമന്ത്രിപദം നൽകി 'കർണാടക മോഡൽ' രാഷ്ട്രീയം ആവർത്തിക്കാനാണ് സാധ്യത.കേന്ദ്രം ബിജെപി ഭരിക്കുന്നതിനാല്‍ ചൗട്ടാലയുടെ തീരുമാനം ബിജെപിക്ക് അനുകൂലമാകാനുള്ള സാധ്യതയുണ്ട്. ബിജെപിയും കോൺഗ്രസും ഇനി നടത്തുന്ന നീക്കങ്ങളാകും ഹരിയാന രാഷ്ട്രീയത്തിലെ അടുത്ത അഞ്ച് വർഷത്തെ ഭരണത്തെ തീരുമാനിക്കുക.