ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ആം ആദ്മി സർക്കാർ ഫണ്ട് ചെയ്യുന്നതും ഡൽഹി സർവകലാശാലയുടെ കീഴിൽ വരുന്നതുമായ കോളജിലെ അധ്യാപകർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ സെപ്റ്റംബർ 17ന് വാദം കേൾക്കും. അധ്യാപകരെ കൂടാതെ മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശമ്പളം ലഭിച്ചിട്ടില്ലാത്ത മറ്റ് ജീവനക്കാർ, അധ്യാപന- അനധ്യാപക ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ശമ്പളം ലഭികാത്തതിനാൽ തങ്ങളും 12 കോളജുകളിൽ ജോലി ചെയ്യുന്ന മറ്റെല്ലാ ജീവനക്കാരും മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്നതായി ഹർജിയിൽ പറയുന്നു. ശമ്പളം കൃത്യമായി നൽകാത്തത് അന്യായവും, ഏകപക്ഷീയവും, വിവേചനപരവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനവുമാണെന്ന് ഹർജിയിൽ പരാതിക്കാർ പറഞ്ഞു.
ആചാര്യ നരേന്ദ്ര ദേവ് കോളജ്, ഡോ. ഭീം റാവു അംബേദ്കർ കോളജ്, ഭാസ്‌കരാചാര്യ കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, ഭഗിനി നിവേദിത കോളജ്, ദീനദയാൽ ഉപാധ്യായ കോളജ്, അദിതി മഹാവിദ്യാലയം കോളജ്, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസ്, കേശവ് മഹാവിദ്യാലയം, മഹാരാജ അഗ്രസൻ കോളജ് (ഡി.യു), മഹർഷി വാൽമീകി കോളജ് ഓഫ് എഡ്യൂക്കേഷൻ, ഷഹീദ് രാജ്ഗുരു കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, ഷഹീദ് സുഖ്‌ദേവ് കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരാണ് കോടതിയെ സമീപിച്ചത്.