മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഇന്ന് പൊതു ശീലമായി മാറിയിട്ടുണ്ട്. ചിലരെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് ഹരമായി കാണുന്നവരാണ്. ഈ ഹരം വലിയ അപകടങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു. കണ്ണ്, ചെവി, നാഡീവ്യവസ്ഥ എന്നിയുടെ പ്രവർത്തനങ്ങളെ മദ്യം ബാധിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇന്ദ്രിയ നിയന്ത്രണം നഷ്ടമാകുന്നു. തന്മൂലം കൃത്യസമയത്ത് ബ്രേക്ക് പ്രയോഗിക്കാന്‍ കഴിയുന്നില്ല. മദ്യപിച്ച് വാഹനമോടിച്ചതുമൂലം സംഭവിച്ച അപകടങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ട്രാഫിക് പൊലീസിന്‍റെ നിഗമനങ്ങളാണ് ഇതെല്ലാം.
മദ്യം കഴിച്ചശേഷം വാഹനം ഓടിക്കുമ്പോൾ റോഡിന്‍റെ വളവുകളിലും സ്പീഡ് ബ്രേക്കറുകളിലും നിയന്ത്രണം നഷ്ടപ്പെടും. വാഹനത്തിരക്ക് കുറവാകും എന്ന ധാരണയില്‍ തെറ്റായ റൂട്ടുകളിലൂടെ രാത്രിയില്‍ വാഹനമോടിക്കുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്. ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ നിയന്ത്രണത്തിലുള്ള ബഞ്ചാര ഹില്‍സ്, ജൂബിലി ഹില്‍സ്, ഖൈരാദാബാദ്, അമീര്‍പേട്ട്, ബീഗംപേട്ട്, അബിഡ്സ്, ചിക്കടപ്പള്ളി, നാരായണഗുഡ, അമ്പേര്‍പേട്ട്, ടര്‍നാക, ഹബ്സിഗുഡ, ഉപ്പല്‍ എന്നി പ്രദേശങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ അധികവും മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമാണ്.
അപകടത്തിനിരയായ യാത്രക്കാര്‍ക്ക് അവര്‍ മദ്യലഹരിയിലായതിനാല്‍ പരിക്കിന്‍റെ വേദന അപ്പോള്‍ അനുഭവപ്പെടുകയില്ല. ഗുരുതരമായ രക്തസ്രാവമുണ്ടായാല്‍ പോലും പരിക്കിന്‍റെ ഗൗരവം അവര്‍ക്ക് ഉടന്‍ മനസ്സിലാകണമെന്നില്ല. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കാം. എന്നാല്‍ മദ്യലഹരിയില്‍ വേദന കാര്യമായി തോന്നുകയില്ല. വാഹനം മരത്തിലോ ഡിവൈഡറിലോ ചെന്നിടിച്ചാല്‍ പോലും അവര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കുകയില്ല. ചിലപ്പോല്‍ ആഘാതത്തിന്‍റെ ശക്തികൊണ്ട് ഹൃദയം പെട്ടെന്ന് നിന്നുപോകാം. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് ഇത്തരം സാഹചര്യങ്ങളെപറ്റി മനസ്സിലാക്കിയ ട്രാഫിക് പൊലീസ് മദ്യപന്മാര്‍ക്കായി ട്രാഫിക് അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഉദാഹരണങ്ങളും വീഡിയോ ക്ലിപ്പിംഗുകളും ഉപയോഗിച്ച് മദ്യപിച്ച് വാഹമോടിക്കുന്നതിന്‍റെ ദൂഷ്യങ്ങള്‍ ഈ ക്ലാസുകളില്‍ വിശദീകരിക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാൾക്ക് ഡ്രൈവിംഗിന്‍റെ ആദ്യത്തെ ഏതാനും മിനിട്ടുകളില്‍ വാഹനം തന്‍റെ നിയന്ത്രണത്തിലാണെന്ന തോന്നല്‍ ഉണ്ടാകാം. എന്നാല്‍ താമസിയാതെ അയാളുടെ കാഴ്ചശക്തിക്ക് മങ്ങലേല്‍ക്കും. പ്രകാശ തീവ്രതയ്ക്കനുസരിച്ച് കാഴ്ചശക്തി ക്രമീകരിക്കാന്‍ കണ്ണിനുള്ള കഴിവിനെ മദ്യം കുറയ്ക്കുന്നു. അതിന്‍റെ ഫലമായാണ് എതിരെ വരുന്ന വാഹനത്തില്‍ ചെന്നിടിക്കുന്നത്. കൂടുതല്‍ മദ്യപിച്ചാല്‍ സംസാരം ഇടറിപ്പോകും. മദ്യപിച്ച് വാഹനമോടിക്കുമ്പോഴും സംസാരിക്കുമ്പോഴും ശരിയായ ആശയവിനിമയം സാധ്യമല്ലാതെയും വരും. മദ്യപിച്ച് അഞ്ച് മിനിട്ടിനുള്ളില്‍ത്തന്നെ മദ്യം വാഹനമോടിക്കുന്ന ആളില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അതോടെ കൈകളുടേയും കാലുകളുടേയും പ്രവര്‍ത്തനത്തിലെ ഏകോപനം നഷ്ടമാകും. മദ്യം തലച്ചോറിനെ ബാധിച്ചുതുടങ്ങും. മസ്തിഷ്കത്തില്‍നിന്ന് പുറപ്പെടുന്ന സിഗ്നലുകള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ നാഡീവ്യവസ്ഥക്ക് കഴിയാതാകുന്നു. കൃത്യമായി ബ്രേക്കിടാന്‍ വലിയ ശ്രമം വേണ്ടിവരുന്നു. മദ്യപിച്ച് ഡ്രൈവര്‍ ബ്രേക്കിടുമ്പോൾ ഏതാണ്ട് 100 വാര കഴിഞ്ഞാണ് വാഹനം നില്‍ക്കുക. എന്നാല്‍ സാധാരണ സാഹചര്യത്തില്‍ വാഹനം 50 വാരയ്ക്കുള്ളില്‍ നില്‍ക്കും. ഈ സമയവ്യത്യാസമാകാം പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ മാരകമായ ചില പ്രത്യാഘാതങ്ങളാണ് ഇവിടെ വിവരിച്ചത്.