റായ്പൂർ: ചത്തീസ്ഗഡിലെ നക്സൽ ബാധിത മേഖലയായ സുക്മ ജില്ലയിലെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ക്യാമ്പിന് മുകളിലൂടെ ഡ്രോണിനോട് സാദൃശ്യമുള്ള വസ്തു പറന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൂന്ന് തവണയാണ് ജില്ലയിലെ സിആർപിഎഫ് ക്യാമ്പുകൾക്ക് സമീപത്തായി സമാന രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്.
പതിനഞ്ച് മിനിട്ട് നേരം ഡ്രോൺ തങ്ങളുടെ ക്യാമ്പിന് മുകളിലൂടെ പറന്നതായും തുടർന്ന് തങ്ങളുടെ യുഎവി ഉപയോഗിച്ച് ഡ്രോണിനെ പിന്തുടർന്നതായും സുക്മ സൂപ്രണ്ട് ഓഫ് പൊലീസ് ശലഭ് സിൻഹ പറഞ്ഞു. എന്നാൽ പിന്നീട് ഡ്രോൺ അപ്രത്യക്ഷമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മാവോയിസ്റ്റുകളാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്ന സുക്മ ജില്ല, രാജ്യത്തെ ഏറ്റവും വലിയ നക്സൽ ബാധിത ജില്ലകളിൽ ഒന്നാണ്. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ ദൂരമാണ് സുക്മയിലേക്കുള്ളത്.
സുരക്ഷാ സേനയുടെ ക്യാമ്പുകളുടെ വിസ്തീർണ്ണം കണ്ടെത്താൻ നക്‌സലുകൾക്ക് ഡ്രോണുകൾ ഉപയോഗിക്കേണ്ടതില്ലെന്നും അതുകൊണ്ട് തന്നെ തങ്ങൾക്ക് ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയാമെന്ന് കാണിക്കാനാണ് ഇത്തരത്തിൽ ഡ്രോണുകൾ പറത്തുന്നതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. അതെ സമയം, ഡ്രോണുകൾ ഉപയോഗിച്ച് എടുത്തതെന്ന് കരുതപ്പെടുന്ന പൊലീസ് ക്യാമ്പുകളുടെ ദൃശ്യങ്ങൾ നകസലുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് ക്യാമ്പുകളിലുള്ള സുരക്ഷാ സേനയിൽ മാനസിക സമ്മർദ്ദം ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.