ശ്രീനഗർ: പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട മിനി ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജമ്മു കശ്‌മീരിലെ ഉദംപൂർ ജില്ലയിലാണ് അഞ്ച് സ്‌ത്രീകളും എട്ട് പുരുഷന്മാരും അടങ്ങുന്ന യാത്രാസംഘത്തെ പൊലീസ് പരിശോധനയിൽ പിടികൂടിയത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് രഹസ്യമായി യാത്ര ചെയ്യാൻ ശ്രമിച്ച ഇവരെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വച്ചാണ് പൊലീസ് കണ്ടെത്തിയത്. റാംബാനിലെ വീടുകളിലേക്ക് പോകുകയായിരുന്നു ഇവർ. ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ചതിന് വാഹനത്തിന്‍റെ ഡ്രൈവർ അബ്‌ദുൾ റാഷിദിനെതിരെ കേസെടുത്തു. 13 യാത്രക്കാരെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതിന് ശേഷം വൈദ്യപരിശോധനയ്ക്കായി ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെ കശ്‌മീരിലെ സാംബാ ജില്ലയിൽ യാത്രാ വിവരം മറച്ചുവച്ച ലോറി ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പൂനെയിൽ നിന്നും ആവശ്യ വസ്‌തുക്കളുമായി യാത്ര ചെയ്‌ത ഇയാളെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പിന്നീട് നിരീക്ഷണത്തിലാക്കി. ബന്ദിപ്പോറയില്‍ നിന്നും സാംബയിലേക്ക് കാൽനടയായി യാത്ര ചെയ്‌ത രണ്ട് യുവാക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയെന്ന് കശ്‌മീർ പൊലീസ് അറിയിച്ചു.