ഹൈദരാബാദ്: രാജ്യത്തെ സ്വർണ കടത്തിനെതിരെ കര്‍ശന നടപടികളുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 14 കോടിയിലധികം വിലവരുന്ന 33 കിലോ സ്വർണം ഡിആർഐ പിടിച്ചെടുത്തു. ഫെബ്രുവരി ഒന്നിന് വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 7.077 കിലോഗ്രാം ഭാരമുള്ള വിദേശ സ്വർണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വാറങ്കലിലേക്കുള്ള യാത്രാമധ്യേ വിജയവാഡ ഡിആർഐ കസ്റ്റഡിയിലെടുത്തു. അതേദിവസം തന്നെ ഡിആർഐയുടെ വിജയവാഡ, ഹൈദരാബാദ് യൂണിറ്റുകൾ ഗുണ്ടൂരിൽ നിന്ന് വാരംഗലിലേക്ക് പോയ ബസില്‍ നിന്നും 6.47 കിലോ സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാല് പേരെ പിടികൂടി.
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനില്‍ ചെന്നൈ-ഹൈദരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്ന് 10.7 കിലോഗ്രാം സ്വർണക്കട്ടകൾ വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയും ഡിആർഐ തടഞ്ഞു. സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശിലെ ദീൻ ദയാൽ ഉപാധ്യായ ജങ്ഷനില്‍ നിന്നും നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ 1.2 കോടി വിലമതിക്കുന്ന 3 കിലോ സ്വർണ ബാറുകൾ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു.
ദുബായ്, ശ്രീലങ്ക മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ധാരാളം സ്വർണം ഇന്ത്യയിലേക്ക് കടത്തുന്നതായും റിപ്പോർട്ടുണ്ട്. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതോടെയാണ് സ്വർണക്കടത്ത് വർദ്ധിച്ചത്. സുരക്ഷ വീഴ്ചയാണ് കള്ളക്കടത്ത് തുടരുന്നതിന്‍റെ മറ്റൊരു കാരണം. ബാഗേജ് പരിശോധിക്കുന്നതിനും സംശയാസ്‌പദമായ യാത്രക്കാരെ പിന്തുടരുന്നതിനുമുള്ള ഇന്ത്യൻ സർക്കാർ ചട്ടങ്ങൾ കര്‍ശനമല്ല എന്നതും കള്ളക്കടത്ത് വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായും റിപ്പോർട്ടുകൾ പറയുന്നു