മഹാത്മാ ഗാന്ധിയുടെ അഭിപ്രായത്തിൽ സ്വരാജ് എന്നാൽ സ്വയംഭരണം അഥവാ സ്വയം സംയമനം എന്നതായിരുന്നു; എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യമല്ല. കുറച്ചുപേർ അധികാരം നേടിയെടുക്കുന്നതിലൂടെ യഥാർത്ഥ സ്വരാജ് കൈവരില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു. പകരം, അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അതിനെ ചെറുക്കാനുള്ള ശേഷി സാധാരണ ജനങ്ങൾ നേടിയെടുക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകു. ലളിതമായി പറഞ്ഞാൽ, അധികാരം നിയന്ത്രിക്കാനുള്ള അവരുടെ ശേഷിയെക്കുറിച്ച് ജനങ്ങളെ പഠിപ്പിച്ചു കൊണ്ട് സ്വരാജ് നേടണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം.
ഇന്ത്യയുടെ ആത്മാവ് അതിന്‍റെ ഗ്രാമങ്ങളിൽ വസിക്കുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്വരാജിന് ഗ്രാമങ്ങളിൽ വിശാലമായ അർത്ഥതലമുണ്ട്. വാസ്‌തവത്തിൽ, ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സംഘടനയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്തകൾ എപ്പോഴും ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഗാന്ധിജി വിഭാവനം ചെയ്‌ത ഗ്രാമസ്വരാജ് എന്നാൽ ഗ്രാമ സ്വയംഭരണം എന്നതായിരുന്നു. അതിൽ ഒരു ഗ്രാമം സമ്പൂർണ്ണ റിപ്പബ്ലിക്കാണ്, അയൽഗ്രാമങ്ങളിൽ നിന്ന് സ്വതന്ത്രമാണ്.
ദേശീയതലത്തിൽ സ്വരാജ് നേടിയെടുക്കാൻ ഗ്രാമ സ്വരാജ് ഒരു അഭിവാജ്യ ഘടകമാണെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. “സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണത്തിന് കേന്ദ്ര ശ്രദ്ധ നൽകുന്നത് സ്വരാജിന്‍റെ തത്ത്വങ്ങൾക്ക് ഭീഷണിയാണ്. വികേന്ദ്രീകരണം പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിലൂടെ അവ സംരക്ഷിക്കാനാകും. വികേന്ദ്രീകൃത വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന യൂണിറ്റ് ഗ്രാമമായതിനാൽ, സ്ത്രീകളടക്കം എല്ലാവർക്കും തീരുമാനമെടുക്കൽ പ്രക്രിയയിൽ നേരിട്ട് പങ്കെടുക്കാൻ അനുവദിക്കുന്നത്രയും രാഷ്ട്രീയമായി ചെറുതായിരിക്കണം ഒരു ഗ്രാമം. ഗ്രാമപഞ്ചായത്തിന്‍റെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും വിമർശിക്കാനും അംഗീകരിക്കാനും നിരസിക്കാനും അതിന്‍റെ പ്രകടനം വിലയിരുത്താനും സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെട്ടവർ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർ എന്നിവർക്കെല്ലാം തുല്യ അവസരം നൽകണം. ഇതുവഴി ഗ്രാമത്തിന്‍റെ സാമ്പത്തിക വികസനത്തിനുതകുന്ന പ്രാദേശിക വിഭവങ്ങൾ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും പഞ്ചായത്തുകൾക്ക് കഴിയും. ഈ രീതിയിൽ, പങ്കാളിത്ത ജനാധിപത്യത്തിന്‍റെയും സാമ്പത്തിക സ്വയംഭരണത്തിന്‍റെയും അടിസ്ഥാന സ്ഥാപനമായി ഗ്രാമം മാറും" -1942ൽ ഗാന്ധിജി തന്‍റെ ഒരു ലേഖനത്തിൽ എഴുതി.
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച വ്യവസായവൽക്കരണത്തെ നിരാകരിച്ച ഗാന്ധി, ഗ്രാമീണ തലത്തിൽ വ്യാവസായിക വസ്‌തുക്കളുടെ ഉൽപാദനം ആരംഭിക്കാൻ ആവശ്യപ്പെട്ടു. ഇന്ത്യയിലെ സാമ്പത്തിക വികസനമെന്ന ഗാന്ധിയൻ കാഴ്‌ചപ്പാടിന്‍റെ കേന്ദ്രബിന്ദുവായിരുന്നു ഗ്രാമ സ്വരാജ്. പഴയ ഗ്രാമത്തിന്‍റെ പുനർനിർമ്മാണം മാത്രമായിരുന്നില്ല ഗാന്ധിജിയുടെ ഗ്രാമ സ്വരാജ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സ്വയംപര്യാപ്‌തമായിരിക്കുകയെന്നതാണ് ഗ്രാമ പുനർനിർമ്മാണത്തിന്‍റെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായി ഗാന്ധിജി കണ്ടത്.
ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ഗ്രാമത്തിൽ തന്നെ ഉൽപാദിപ്പിക്കണം, ഇത് ഓരോ ഗ്രാമവാസികൾക്കും പൂർണ്ണമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് ആളുകൾ കുടിയേറുന്നത് തടയുകയും ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. ജീവിതത്തിൽ കടന്നു വരുന്ന എല്ലാ ആവശ്യങ്ങൾക്കും - ഭക്ഷണം, വസ്ത്രം, ശുദ്ധജലം, ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയെല്ലാം നിറവേറ്റാൻ ഓരോ ഗ്രാമവും സ്വയം പര്യാപ്‌തമായിരിക്കണം.
തർക്കങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തുകൾ, എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ, ഒരു സഹകരണ ഡയറി, പ്രൈമറി സ്‌കൂളുകൾ, വ്യാവസായിക വിദ്യാഭ്യാസം കൂടി പ്രാപ്‌തമാക്കുന്ന സെക്കൻഡറി സ്‌കൂളുകൾ എന്നിവയെല്ലാം ഈ ഗ്രാമങ്ങളിൽ ഉണ്ടാവും. ഗ്രാമത്തിൽ എത്തുന്നവർക്ക് താമസിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയും ഇവിടെ ഉണ്ടായിരിക്കണം. ”- അദ്ദേഹം എഴുതി. ചുരുക്കത്തിൽ, ശ്രേഷ്‌ഠ ഗ്രാമം എന്നാൽ പല കാര്യങ്ങൾക്കും സ്വാശ്രയവും ചില വശങ്ങളിൽ ആശ്രിതവുമായിരിക്കണം.