ന്യൂഡല്‍ഹി: ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് മിഹാജുദീന്‍ എന്ന ചെറുപ്പക്കാരന്‍ കഴിഞ്ഞ വര്‍ഷം നിയമ പഠനത്തിനായി ജാമിയ മിലിയ സര്‍വകലാശയില്‍ ചേര്‍ന്നത്. എന്നാല്‍ ഡിസംബര്‍ പതിനഞ്ചിന് ജാമിയ മിലിയയില്‍ പൊലീസ് മര്‍ദനത്തില്‍ മുഹമ്മദിന്‍റെ ഒരു കണ്ണിന്‍റെ കാഴ്‌ച നഷ്ടപ്പെട്ടു.
ജാമിയ മിലിയയുടെ ഗേറ്റ് നമ്പര്‍ ഏഴിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം വളരെ സാമാധാനപരാമായി നടന്നക്കുകയായിരുന്നു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ പൊലീസ് ക്യാമ്പസിനുള്ളിലേക്ക് ഇരമ്പിക്കയറി. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. ജാമിയ മിലിയയുടെ ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന മുഹമ്മദിനെയടക്കം അവിടുണ്ടായിരുന്ന വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. സമാധാനപരമായി പഠിക്കാനാണ് വന്നത്. ഞാന്‍ ചെയ്‌ത കുറ്റമെന്താണെന്ന് മുഹമ്മദ് മിഹാജുദീന്‍ ചോദിക്കുന്നു.
പുറത്തുള്ളവര്‍ കാമ്പസിനുള്ളില്‍ കയറിയിട്ടുണ്ടെന്നാരോപിച്ചായിരുന്നു പൊലീസ് അക്രമം അഴിച്ചുവിട്ടത്. മര്‍ദിക്കരുതെന്ന് യാചിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. അവര്‍ ലൈബ്രറിക്കുള്ളിലേക്ക് തള്ളി കയറി വന്നു അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ഥികളെ മര്‍ദിച്ചു. ഈ സംഭവത്തിന് ശേഷം കോളജിലേക്കും ലൈബ്രറിയിലേക്കും കയറാന്‍ പേടിയാണെന്നും ക്യാമ്പസ് സുരക്ഷിതമല്ലെന്നും മുഹമ്മദ് പറയുന്നു. പഠനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തന്നെ നിയമ പരിശീലനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ഈ നഗരത്തില്‍ പഠിക്കണമെന്ന തന്‍റെ തീരുമാനം തെറ്റിപ്പോയെന്ന് തോന്നുന്നെന്നും മുഹമ്മദ് പറയുന്നു.